വരാനിരിക്കുന്ന ബഡ്ജറ്റില്‍ ഇന്‍കം ടാക്‌സ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും: ലിയോ വരേദ്കര്‍

ഡബ്ലിന്‍: അടുത്ത മാസം നടക്കുന്ന ബഡ്ജറ്റില്‍ വരുമാന നികുതിയില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ലിയോ വരേദ്കര്‍. വരുമാനം കുറഞ്ഞവര്‍ കൂടുതല്‍ വരുമാന നികുതി അടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് നികുതി ഇളവിന്റെ പ്രധാന ലക്ഷ്യം. നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വരുമാന നികുതിയില്‍ ഇളവുണ്ടാവില്ല.

ഏറ്റവും കൂടിയ വരുമാനക്കാര്‍ക്കും-ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്കും ഇടയിലുള്ള മധ്യത്തില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വരുമാന നികുതിയില്‍ കുറവ് വരുത്തുന്നതോടെ നികുതിയുമായി ബന്ധപ്പെട്ട അസമത്വം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി വരേദ്കര്‍ അഭിപ്രായപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുമാന നികുതി കുറയ്ക്കുമെന്ന വാഗ്ദാനം ലിയോ വരേദ്കര്‍ ഉറപ്പ് നല്‍കിയിരുന്നു. നികുതി കുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് ധന മന്ത്രി പാസ്‌ക്കല്‍ ഡോണോഹി കഴിഞ്ഞ ഒരാഴ്ചക്കിടെ പരാമര്‍ശം നടത്തിയിരുന്നു.

അയര്‍ലണ്ടിലെ ശരാശരി വരുമാനക്കാര്‍ക്ക് ഏറെ ഗുണകരമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. നികുതി ദായകര്‍ക്ക് നീതി ലഭിക്കുന്ന പ്രഖ്യാപനത്തിന് അയര്‍ലണ്ടില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവിനിടയില്‍ സാധാരണക്കാര്‍ക്ക് നികുതി ഭാഗം കുറയുമെന്ന് തന്നെ ആശ്വസിക്കാം. നികുതിയില്‍ ഇളവ് വരുത്തുന്ന വരുമാനത്തിന്റെ പരിധി എത്രയായിരിക്കുമെന്ന കൃത്യമായ കണക്ക് അടുത്ത മാസം ആരംഭിക്കുന്ന ബഡ്ജറ്റില്‍ വ്യക്തമാക്കും.

ടിപ്പറേറിയില്‍ സംഘടിപ്പിക്കപ്പെട്ട പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അടുത്ത മാസം മുതല്‍ നികുതി കുറക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം മന്ത്രി ലിയോ വരേദ്കര്‍ പരാമര്‍ശിക്കുകയായിരുന്നു. നിലവിലെ നികുതി ഘടനയില്‍ മാറ്റം വരുത്തുന്നതിനെതിരെ ഒരു കൂട്ടം സാമ്പത്തിക വിദഗ്ദ്ധര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദൈനംദിന ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്നതിനിടെ സര്‍ക്കാര്‍ ഖജനാവില്‍ നികുതി തുക കുറയുന്നത് എല്ലാ മേഖലകളിലും വില ഉയരാന്‍ കാരണമാകുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഒരു തരം നികുതിയില്‍ ഇളവ് വരുത്തുന്നതോടൊപ്പം തന്നെ വരുമാനം കൂടിയവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കി ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി അടക്കമുള്ളവര്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: