റൈന്‍ എയറിന്റെ സര്‍വീസ് റദ്ദാക്കിയ നടപടിയില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്: ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ (CAR)

ഡബ്ലിന്‍: സര്‍വീസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിസ് പുറപ്പെടുവിച്ച ദിവസം തന്നെ വിമാനങ്ങള്‍ യാത്ര നിര്‍ത്തിവെച്ച റൈന്‍എയര്‍ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ ഏവിയേഷന്‍ വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ മുതല്‍ റൈന്‍ എയറിന്റെ നിരവധി സര്‍വീസുകളാണ് നിര്‍ത്തി വെയ്ക്കപ്പെട്ടത്. ഇന്ന് 8 ഡബ്ലിന്‍ ഫ്ലൈറ്റുകള്‍ ഉള്‍പ്പെടെ 82 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.

ആംസ്റ്റര്‍ഡാം, ഫ്രാങ്ഫര്‍ട്ട് ഉള്‍പ്പെടെ ഡബ്ലിനില്‍ നിന്നും പുറപ്പെടുന്നതും ഡബ്ലിനില്‍ എത്തിച്ചേരേണ്ടതുമായ വിമാനങ്ങള്‍ ഇന്ന് ഉണ്ടാവില്ല. അവധി സമയത്ത് നാട്ടില്‍ എത്തിച്ചേരാന്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് റൈന്‍ എയര്‍ സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബാധകമാകും വിധം പൊതു നോട്ടീസ് നല്‍കാന്‍ റൈന്‍ എയര്‍ കാണിച്ച അശ്രദ്ധ പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് അസൗകര്യം ഉളവാക്കിയതായും ഏവിയേഷന്‍ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഏവിയേഷന്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള റൈന്‍ എയറിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരില്‍ നിന്നും എയര്‍ലൈന്‍ സ്വീകരിച്ച തുക കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ തടസം നേരിട്ട യാത്രികര്‍ക്ക് മടക്കി നല്‍കുമെന്ന് റൈന്‍ എയര്‍ വക്താവ് അറിയിക്കുന്നു. സര്‍വീസുകള്‍ക്ക് നേരിട്ട തടസ്സത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് റൈന്‍ എയര്‍.

പൈലറ്റുമാരും മറ്റു ജീവനക്കാരും അവധിയില്‍ പ്രേവേശിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതെന്ന എയര്‍ലൈനിന്റെ വിശദീകരണത്തില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് റൈന്‍ എയര്‍ പറയുന്നുണ്ടെങ്കിലും യാത്രക്കെത്തിയപ്പോഴാണ് പലരും വിമാനം റദ്ദാക്കപ്പെട്ട കാര്യം അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aviationreg.ie എന്ന വെബ്സൈറ്റുമായി ബന്ധപ്പെടാനും അറിയിപ്പ് ഉണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: