ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മിച്ച് വീണ്ടും വിസ്മയിക്കാനൊരുങ്ങി എലന്‍ മസ്‌ക്

 

സ്പേസ് എക്സിന്റെയും ടെസ്ല ഇന്‍കോര്‍പറേറ്റിന്റെയും മേധാവി എലന്‍ മസ്‌കിന്റെ ‘ഭ്രാന്തന്‍’ബുദ്ധിയില്‍ വിരിയാന്‍ അത്ഭുതങ്ങള്‍ ഇനിയും ഏറെ ബാക്കി. റോക്കറ്റില്‍ യാത്ര ചെയ്ത് ലോകത്തെവിടെയും അര മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ കഴിഞ്ഞ ആഴ്ച ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് ഇന്നലെ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. ലോകത്തെ ഏറ്റവും വലിയ ബാറ്ററി തന്റെ നിര്‍മാണ ശാലയില്‍ ഒരുങ്ങുകയാണെന്നും 100 ദിവസത്തിനകം ബാറ്ററിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും.

നിര്‍മാണം പകുതി പൂര്‍ത്തിയായി എന്ന് ഇലോണ്‍ മസ്‌ക് പറയുന്ന ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുടെ കപ്പാസിറ്റി 100 വാട്ടാണ്. 50,000 വീടുകളില്‍ വൈദ്യുതി വിതരണം ചെയ്യാനുള്ള ശേഷി ഈ ബാറ്ററിക്കുണ്ടാകും. സൗത്ത് ഓസ്ട്രേലിയയിലെ ഹോണ്‍സ് ഡെയില്‍ വിന്‍ഡ് ഫാമില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ബാറ്ററി നിര്‍മിക്കുന്നത്. പവര്‍കട്ട് സമയത്ത് ബാറ്ററിയില്‍ നിന്നായിരിക്കും ഇവിടെ വൈദ്യുതി വിതരണം നടക്കുക.

ഫ്രഞ്ച് കമ്പനിയായ നിയോണിന് വേണ്ടിയാണ് ടെസ്ല ലോകത്തെ ഏറ്റവുംവലിയ ബാറ്ററി നിര്‍മിക്കുന്നത്. കരാര്‍ പ്രകാരം 100 ദിവസത്തിനുള്ളിലാണ് ബാറ്ററി സ്ഥാപിക്കേണ്ടത്. 100 ദിവസത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ ബാറ്ററി സൗജന്യമായി സ്ഥാപിച്ചുകൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഓസ്ട്രേലിയന്‍ സോഫ്ട് വെയര്‍ മില്യനയര്‍ മൈക്ക് കാനന്‍ ബ്രൂക്ക്സിന്റെ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് എലന്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്. 100 മെഗാവാട്ട് മുതല്‍ 300 മെഗാവാട്ട് വരെ ശേഷിയുള്ള ബാറ്ററി സ്ഥാപിക്കാന്‍ തന്റെ കമ്പനിക്ക് പ്രാപ്തിയുണ്ടെന്ന് ടെസ്ല കോര്‍പറേഷന്റെ വൈസ് പ്രസിഡണ്ടായ ലിന്‍ഡന്‍ റീവ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് കാനന്‍ ബ്രൂക്ക്സ് ട്വിറ്ററില്‍ ആരാഞ്ഞപ്പോഴാണ് പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എലന്‍ മസ്‌ക് നല്‍കിയത്. 100 ദിവസത്തിനകം ബാറ്ററി സ്ഥാപിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ 50 മില്യന്‍ ഡോളറായിരിക്കും ടെസ്ലയുടെ നഷ്ടം.

സെപ്തംബര്‍ 30നാണ് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയന്‍ എനര്‍ജി റെഗുലേറ്റര്‍മാരുടെ അനുമതി വാങ്ങിയിരുന്നു. ബാറ്ററിയില്‍ ഉപയോഗിക്കുന്ന സെല്ലുകള്‍ സാംസങ്ങ് ആണ് നിര്‍മിച്ചു നല്‍കുന്നത്. ബാറ്ററിയിലോടുന്ന കാറുകള്‍ ഉല്‍പാദിപ്പിക്കുന്ന ടെസ്ലക്ക് പാനാസോണിക്ക ആണ് ഇതുവരെ ബാറ്ററി സെല്ലുകള്‍ സപ്ലൈ ചെയ്തിരുന്നത്. 100 ദിവസത്തിനകം സപ്ലൈ ചെയ്യാന്‍ പാനാസോണിക്കിന് സാധിക്കാതെ വന്നതിനാലാണ് സാംസങ് ഇതില്‍ പങ്കാളിയായത്.

ആകാശസഞ്ചാരികളെ അത്ഭുതപരതന്ത്രരാക്കുന്ന മറ്റൊരു പ്രഖ്യാപനം മസ്‌ക് നടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. 30 മിനിറ്റിനുള്ളില്‍ ലോകത്തെ ഏത് വന്‍ നഗരത്തില്‍ നിന്നും മറ്റ് ഏതൊരു വന്‍നഗരത്തിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ബിഗ് ഫക്കിംഗ് റോക്കറ്റ്(ബി എഫ് ആര്‍) യാഥാര്‍ഥ്യമാക്കുമെന്നതായിരുന്നു പ്രഖ്യാപനം. ഒരു എക്കോണമി വിമാന ടിക്കറ്റിന്റെ നിരക്കില്‍ ഈ വാഹനത്തില്‍ അതിവേഗ യാത്ര സാധ്യമാകുമെന്നും മസ്‌ക് പറഞ്ഞു. ബി എഫ് ആറിന്റെ മാതൃകയും അതിയില്‍ യാത്ര ചെയ്യുന്നതിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക് ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.

തീരക്കടലിലെ ലോഞ്ചിംഗ് പാഡിലാണ് ബിഗ് ഫക്കിംഗ് റോക്കറ്റ് വന്നിറങ്ങുകയും പുറപ്പെടുകയും ചെയ്യുക. ബോട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക വാക് വേ വഴി റോക്കറ്റില്‍ കയറി സീറ്റുകളിലിരിക്കാം. റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ബി എഫ് ആര്‍ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വേര്‍പെടുമ്പോള്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ റൈഡില്‍ അനുഭവപ്പെടുന്നതു പോലുള്ള അവസ്ഥയിലൂടെ യാത്രക്കാര്‍ കടന്നു പോകും. ഈ ഘട്ടം കഴഞ്ഞാല്‍ സീറോഗ്രാവിറ്റിയുടെ നിശ്ചലതയായിരിക്കും. തുടര്‍ന്ന് ലക്ഷ്യസ്ഥാനത്ത് തിരിച്ചിറങ്ങുമ്പോഴാകം വീണ്ടും ഗുരുത്വാകര്‍ഷണത്തിലൂടെ കടന്നു പോകുക. റോക്കറ്റുകള്‍ തിരിച്ചിറക്കുന്ന അതേ സാങ്കേതിക വിദ്യയിലായിരിക്കും ബി എഫ് ആറും ലോഞ്ചിംഗ് പാഡില്‍ വന്നിറങ്ങുക.

ബഹിരാകാശ സഞ്ചാരികളെ ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററില്‍ എത്തിക്കുന്നതിന് സ്പേസ് എക്സ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫാല്‍ക്കന്‍ 9, ഡ്രാഗന്‍ കാപ്സ്യൂളുകളുടെ മാതൃകയിലായിരിക്കും ബി എഫ് ആറും പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ പരമാവധി 16,700 മൈല്‍ പറക്കാന്‍ ബി എഫ് ആറിന് കഴിയും. എന്നാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ പ്രശ്നങ്ങള്‍ വലിയ തോതില്‍ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ബി എഫ് ആറിലുണ്ടാകും.

വിപ്ലവകരമായ പദ്ധതിയെന്നാണ് എലന്‍ മസ്‌കിന്റെ ഈ ഫ്യൂച്ചര്‍ പ്രോജക്ടിനെ ലോകം വാഴ്ത്തുന്നത്. എന്നാല്‍ റോക്കറ്റില്‍ യാത്ര ചെയ്യുന്നത് വിമാനയാത്ര പോലെ സുഖകരമാകില്ലെന്നും അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഇതില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ജി ഫോഴ്സ് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും എയ്റോസ്പേസ് വിദഗ്ധര്‍ പറയുന്നു.

ഫാല്‍ക്കന്‍ 9 നേക്കാള്‍ ഉയരമുള്ള അതായത് 106 മീറ്റര്‍ ഉയരമുള്ള ബി എഫ് ആറിന് യാത്ര ചെയ്യാന്‍ ഉയര്‍ന്ന അളവില്‍ ഇന്ധനം ആവശ്യമാണെന്നും ഇത് എങ്ങനെ ലഭ്യമാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. പറയുന്ന അത്ര സിംപിള്‍ അല്ല കാര്യങ്ങള്‍ എന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ പറയുന്നത് ഇലോണ്‍ മസ്‌ക് ആണെന്നതും ഇതൊരു സ്വപ്ന പദ്ധതിയാണെന്നതും ബി എഫ് ആറില്‍ ലോകത്തിന് പ്രതീക്ഷ നല്‍കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: