ശശികലയ്ക്ക് ആശ്വാസം, അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു

 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല നടരാജന് പരോള്‍ അനുവദിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണാനാണ് 5 ദിവസം പരോള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ജയില്‍ വകുപ്പിന് ശശികല അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ ബംഗളുരു ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് അപേക്ഷ തള്ളിയത്.

ശശികല ജയിലിലായതോടെ എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തില്‍ പിളര്‍പ്പുണ്ടാകുകയും മരുമകന്‍ ദിനകരനെ തള്ളി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിഭാഗവും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വിഭാഗവും തമ്മില്‍ ലയിക്കുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ പ്രതികൂലാവസ്ഥയില്‍ തന്റെ പക്ഷത്തിന്റെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് ഭര്‍ത്താവിന്റെ അസുഖത്തിന്റെ പേരില്‍ പരോളില്‍ പുറത്തിറങ്ങാന്‍ ശശികല ശ്രമം നടത്തുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എംഎല്‍എമാരില്‍ ഒരു വിഭാഗം ഇപ്പോഴും ശശികലയുടെ അനന്തിരവന്‍ ദിനകരനൊപ്പം തുടരുന്നുണ്ടെങ്കിലും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇവര്‍ മറുകണ്ടം ചാടാനുള്ള സാധ്യത തുടരുകയാണ്. മദ്രാസ് ഹൈക്കോടതി, പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടുന്നതും ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിലെ തുടര്‍ നടപടി തടഞ്ഞിരിക്കുകയാണ്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: