വേങ്ങര ഉപതിരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്; കൈവിടുമോ എന്ന ആശങ്കയില്‍ യുഡിഎഫ്; നാളെ വോട്ടെടുപ്പ്

 

രാഷ്ട്രീയ അടിയൊഴുക്കുകള്‍ അനുകൂലമായൊരു സാഹചര്യമൊരുക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് വേങ്ങരയില്‍ ഇടതുപക്ഷം വോട്ടെടുപ്പിനെ കാത്തിരിക്കുന്നത്. അട്ടിമറി ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും യു.ഡി.എഫിന് അവരുടെ കുത്തക മണ്ഡലത്തില്‍ കനത്ത ഭീഷണി ഉയര്‍ത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ കഴിയുമെന്നാണ് ഇടതുനേതാക്കള്‍ കരുതുന്നത്. യു.ഡി.എഫ് ആകട്ടെ, ലീഗ് കോട്ടകളില്‍ വിള്ളല്‍ തീര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും ഇത്തവണ ഭീരിപക്ഷം വര്‍ധിക്കുമെന്നുമുള്ള ആത്്മവിശ്വാസത്തിലുമാണ്. മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള നിശബ്്ദ പ്രചാരണത്തിലാണ് ഇരുമുന്നണികളും. ബുധനാഴ്ചയാണ് വേങ്ങരയില്‍ പോളിംഗ്.

ഒരു മാസം നീണ്ടു നിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വേങ്ങരയില്‍ കൊടിയിറങ്ങിയത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇരുമുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശം മുറ്റിയ കൊട്ടിക്കലാശം നടത്തിയാണ് പിരിഞ്ഞത്. മുന്നണി നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പ്രചാരണ രംഗത്ത് സജീവമായ ദിവസങ്ങള്‍ക്കാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. യു.ഡി.എഫിന് വേണ്ടി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലികുട്ടി, വിവിധ ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സജീവമായി പ്രചാരണത്തിനിറങ്ങി. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,വി.എസ്.അച്ചുതാനന്ദന്‍,കാനം രാജേന്ദ്രന്‍, എം.എം.മണി തുടങ്ങിയ ഒട്ടേറെ നേതാക്കളുമെത്തി. എന്‍.ഡി.എ.ക്ക് വേണ്ടി കുമ്മനം രാജശേഖരന്‍, എം.ടി.രമേശ് തുടങ്ങിയവര്‍ മണ്ഡലത്തില്‍ സജീവമായി ഉണ്ടായിരുന്നു. കുമ്മനം നയിക്കുന്ന ജാഥയും വേങ്ങരയിലൂടെ കടന്നു പോയി. രണ്ടു കേന്ദ്രമന്ത്രിമാര്‍ സ്വീകരണ യോഗത്തില്‍ എത്തുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39,000 വോട്ടുകള്‍ക്ക് പി.കെ.കുഞ്ഞാലികുട്ടിയെ വിജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ മുസ്്ലിം ലീഗിലെ അഡ്വ.കെ.എന്‍.എ.ഖാദറിന് വോട്ട് കുറയുമോ എന്ന ആശങ്ക യു.ഡി.എഫിനുമുണ്ട്. ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ലീഗില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങളാണ് ആശങ്കക്ക് പ്രധാന കാരണം. അഡ്വ.യു.എ.ലത്തീഫിന് നല്‍കാനിരുന്ന സീറ്റ് പിന്നീട് കെ.എന്‍.എ.ഖാദറിന് നല്‍കിയതില്‍ അതൃപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. ഇവരുടെ വോട്ടുകള്‍ ഖാദറിന് ലഭിക്കാതെ വന്നാല്‍ കാര്യമായ വോട്ടുചോര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഡ്വ..ഹംസ ഇത് മുതലെടുക്കുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. താന്‍ പതിനായിരം വോട്ടുകള്‍ നേടുമെന്നാണ് ഹംസ അവകാശപ്പെടുന്നത്. ഹംസ ഏഴായിരത്തിലേറെ വോട്ടുകള്‍ നേടിയാല്‍ അത് ലീഗിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

ഇത്തവണ നടത്തിയ മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടതുസ്ഥാനാര്‍ഥി സി.പി.എമ്മിലെ അഡ്വ.പി.പി.ബഷീര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ നേടാനിടയുണ്ട്. യു.ഡി.എഫിന് ഭീഷണിയുണ്ടാക്കുന്ന മറ്റൊരു ഘടകം എസ്.ഡി.പി.ഐ.യുടെ സാന്നിധ്യമാണ്. വേങ്ങരയില്‍ എസ്.ഡി.പി.ഐ കൂടുതല്‍ വോട്ടുകള്‍ നേടുന്നത് യു.ഡി.എഫിനെ ക്ഷീണിപ്പിക്കും. ഇത്തരം ഘടകങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചാല്‍ വേങ്ങരയില്‍ ഇടതുമുന്നണി കടുത്ത വെല്ലുവിളിയാകും മുസ്്ലിംലീഗിനും യു.ഡി.എഫിനും ഉയര്‍ത്തുക.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: