ഒഫീലിയയെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാം

 

അടുത്ത 48 മണിക്കൂറിനുള്ളില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കുന്ന ഒഫേലിയ ചുഴലിക്കാറ്റിനെതിരെ കരുതിയിരിക്കാന്‍ മെറ്റ് എറാന്റെ മുന്നറിയിപ്പ്. അഞ്ച് കൗണ്ടികളില്‍ റെഡ് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ഏതുസമയവും കാറ്റ് രൗദ്രഭാവം കൈക്കൊള്ളാമെന്നും ജനങ്ങളുടെ യാത്രയടക്കം മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് വേണം നടപ്പാക്കാനെന്നുമാണ് നിര്‍ദേശം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കാന്‍ വിദേശകാര്യമന്ത്രി സൈമണ്‍ കോവ്നി പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുവേ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. തീരപ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

ഐറിഷ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ആഗോള കാലാവസ്ഥാ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഒഫീലിയയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഐറിഷ് തീരങ്ങളില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് സംഹാര താണ്ഡവമാടുന്നത്. അയര്‍ലന്റിലാകെ നാശം വിതച്ച് ഒഫിലീയ ചുഴലിക്കാറ്റ് തിങ്കളാഴ്ച്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്. 130 കിലോ മീറ്റര്‍ സ്പീഡില്‍ പാഞ്ഞു വരുന്ന കൊടുങ്കാറ്റ് രാജ്യത്ത് പലയിടത്തും കനത്ത നാശം വിതയ്ക്കാനും സാധ്യതയുണ്ട്.മുന്‍ കരുതലായി മേയോ,കോര്‍ക്ക്,കെറി, ഗാല്‍വേ തുടങ്ങിയ കൗണ്ടികളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമുള്ള മരുന്നുകള്‍, അടിയന്തിര ടെലിഫോണ്‍ നമ്പറുകള്‍, ഒരു പ്രാഥമിക ശുശ്രൂഷ കിറ്റ്, ടോര്‍ച്ച്, ക്യാമറ തുടങ്ങിയ അവശ്യ വസ്തുക്കള്‍ അടങ്ങിയ അടിയന്തര ഹോം കിറ്റ് തയ്യാറാക്കുക. വീടിന്റെ മേല്‍ക്കൂരകള്‍ പരിശോധിക്കുക, പൊട്ടിയ ടൈലുകള്‍ മാറ്റുക സുരക്ഷിതത്വം ഉറപ്പു വരുത്തുക. മഴയുള്ളപ്പോള്‍ കഴിവതും വീട്ടില്‍ തങ്ങുക. വീടിന്റെ മേല്‍ക്കൂര നനഞ്ഞിരിക്കുമ്പോള്‍ ഫാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വെള്ളക്കെട്ടിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ വടി ഉപയോഗിച്ച് മുന്‍പില്‍ കുഴികള്‍ ഇല്ലെന്ന് ഉറപ്പാക്കുക. – ഒഴുക്കുവെള്ളത്തിലൂടെ ഒരു കാരണവശാലും നടക്കരുത്. നിസ്സാരമെന്നു കരുതുന്ന ഇത്തരം വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാന്‍ സാധ്യത കൂടുതലാണ്.

നിങ്ങളുടെ യാത്രാ പദ്ധതികള്‍ പരിശോധിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് AA റോഡ് വാച്ച് പറയുന്നു, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുത്. വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മഴയ്ക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള കാറ്റും ഉണ്ടാകാം. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യുകയോ മഴയും കാറ്റുമുള്ളപ്പോള്‍ മരങ്ങള്‍ക്കു താഴെ നില്‍ക്കുകയോ ചെയ്യരുത്. അടുത്ത രണ്ടു ദിവസത്തില്‍ കാറ്റ് ശാന്തനാകുമോ, അതോ രൗദ്രഭാവത്തിലേക്കു മാറുമോ എന്നൊന്നും ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് നിലവിലെ പ്രവചനം. യാത്രക്കാര്‍ ഏതു സാഹചര്യത്തെയും നേരിടാനുള്ള കരുതലെടുക്കണമെന്ന് പറയുന്നു. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഉണ്ടാകുന്നഏറ്റവും ദുഷ്‌കരമായ കാലാവസ്ഥയാണ് അടുത്ത 48 മണിക്കൂറില്‍ ഉണ്ടാകുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

ഉപയോഗപ്രദമായ നമ്പറുകള്‍ കൈയില്‍ കരുതുക, സാധാരണ അടിയന്തര ഫോണ്‍ നമ്പറുകള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ് – എന്നാല്‍ നിങ്ങളുടെ പ്രാദേശിക കൗണ്‍സിലര്‍മാരുടെ വിശദാംശങ്ങളും ഫോണ്‍ നമ്പറും കൈയില്‍ കരുതുക. ESB പോലുള്ള കമ്പനികളുടെ ഫോണ്‍ നമ്പറുകളും സൂക്ഷിക്കുക. നിങ്ങളുടെ ഉദ്യാന ഫര്‍ണിച്ചറുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും പായ്ക്ക് ചെയ്ത് സൂക്ഷിക്കുക. വൈദ്യുതി തടസ്സം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് ബാറ്ററികള്‍, മെഴുകുതിരി, ടോര്‍ച്ച് തുടങ്ങിയവ കരുതുക. ഫോണ്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക. ചൊവ്വാഴ്ച രാവിലെ വരെ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനുള്ള സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്.


എ എം

 

Share this news

Leave a Reply

%d bloggers like this: