ആധാര്‍ ബന്ധിപ്പിക്കാതെ റേഷന്‍ നിഷേധിച്ചു; ജാര്‍ഖണ്ഡില്‍ ബാലിക പട്ടിണി കിടന്നു മരിച്ചു

 

ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് എട്ടു ദിവസം പട്ടിണി കിടന്ന് 11 വയസുള്ള ബാലിക മരിച്ചു. സിംഡേഗ ജില്ലയിലെ ജല്‍ഡേഗ കരിമാട്ടി സ്വദേശിയായ സന്തോഷി കുമാരിയുടെ കുടുംബത്തിനു ഫെബ്രുവരി മുതല്‍ റേഷന്‍ കിട്ടിയിരുന്നില്ല.

ജാര്‍ഖണ്ഡ് സമ്പൂര്‍ണ ആധാര്‍ ലിങ്ക്ഡ് റേഷന്‍ സംവിധാനത്തിലെത്തിയതായി സെപ്റ്റംബര്‍ ഏഴിനു പ്രഖ്യാപനം നടന്നതിനു പിന്നാലെയാണു രാജ്യത്തെ ഞെട്ടിച്ച പട്ടിണി മരണം. സ്‌കൂളില്‍നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണംകൊണ്ടു വിശപ്പടക്കിയിരുന്ന ബാലികയ്ക്കു ദുര്‍ഗാപൂജയുടെ അവധി കാരണം അതും ലഭിച്ചിരുന്നില്ല. ഇന്നലെ ഗ്രാമത്തിലെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെയാണു കഴിഞ്ഞ മാസം 28ന് ഉണ്ടായ സംഭവം പുറത്തറിയുന്നത്.

ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെത്തന്നെ, ഫെബ്രുവരി ഒന്നു മുതല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കരിമാട്ടിയില്‍ സന്തോഷിയുടേത് ഉള്‍പ്പെടെ 10 കുടുംബങ്ങള്‍ക്കു റേഷന്‍ നിഷേധിച്ചു. അമ്മ കോയില ദേവിയുടെ ആധാറിന്റെ പകര്‍പ്പു ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് എത്തിച്ചെങ്കിലും പുതിയ കാര്‍ഡ് നല്‍കിയില്ല.

അമ്മയും മൂത്ത സഹോദരിയും പുല്ലരിഞ്ഞ് ആഴ്ചയില്‍ കിട്ടുന്ന 80 രൂപയായിരുന്നു ഈ കുടുംബത്തിന്റെ ആകെ വരുമാനം. മനോദൗര്‍ബല്യമുള്ള പിതാവു ജോലിക്കു പോകുന്നില്ല. ഒരു വയസ്സുകാരനായ ഇളയ സഹോദരന് അങ്കണവാടിയില്‍നിന്നു കിട്ടുന്ന ചോറ് പൊതിഞ്ഞു കൊണ്ടുവന്നാണു പലപ്പോഴും അഞ്ചംഗ കുടുംബം വിശപ്പടക്കിയിരുന്നത്. ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: