ആധാര്‍ സുരക്ഷിതമാണോ? ബയോമെട്രിക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുമോ ?

 

എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്ന കാലമാണ് കടന്നുപോകുന്നത്. സുരക്ഷ കണക്കിലെടുത്താണ് അധികൃതര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ലഭിയ്ക്കുമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ബയോമെട്രിക് വിവരങ്ങള്‍ അടക്കം ലഭ്യമാകും എന്നതു കൊണ്ട് ബാങ്കുകള്‍ ഉള്‍പ്പെടെയുളള ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും ആധാര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുന്നു. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും ഇതൊടൊപ്പം ഉയരുകയാണ്. ബയോമെട്രിക് ഡേറ്റയില്‍ ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്ന വസ്തുതയാണ് സംശയങ്ങള്‍ ഉയരാന്‍ കാരണം. ഫിംഗര്‍ പ്രിന്റ് വിവരങ്ങള്‍ ചോരുന്ന ഘട്ടത്തില്‍ പാസ് വേഡ് മാറ്റി സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം നിലവില്‍ ഇല്ല എന്നതാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

ഒരിക്കല്‍ ഒരു വ്യക്തിയുടെ ഫിംഗര്‍ പ്രിന്റിന്റെ വ്യാജന്‍ ഹാക്കര്‍മാര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. അങ്ങനെ വന്നാല്‍ സുരക്ഷ ഭീഷണിയില്ലേ എന്ന സംശയത്തിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇത് ദുരുപയോഗം ചെയ്യാനുളള സാധ്യതയും തളളി കളയാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വ്യാജ ഫിംഗര്‍ പ്രിന്റ് സ്യഷ്ടിക്കപ്പെട്ടാല്‍ സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനുളള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേപോലെ തന്നെ ബയോമെട്രിക് വിവരങ്ങളുടെ ഭാഗമായുളള ഐറിസ് സ്‌കാനും കുറ്റമറ്റതാണോ എന്ന വസ്തുതയും പരിശോധിക്കേണ്ടതാണ്. മുഖം തിരിച്ചറിയുന്നതിനുളള ആപ്പുകളുടെ ദുരുപയോഗമാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇത്തരം ആപ്പുകള്‍ തെറ്റായി ഉപയോഗിച്ച് ഒരു വ്യക്തിയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെ എന്നാണ് വിദഗ്ധര്‍ ഉന്നയിക്കുന്ന മറ്റൊരു സംശയം. ഇതിനെല്ലാം താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ പാസ് വേഡ് സംവിധാനം വികസിപ്പിച്ച് സുരക്ഷ വര്‍ധിപ്പിക്കാനുളള സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ഇത്തരം വാദങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ തളളി കളയുകയാണ്. ആധാര്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. സുരക്ഷ പാളിച്ച സംഭവിച്ചു എന്ന സംശയം തോന്നുന്ന പക്ഷം ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിനുളള സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് യുഐഡിഎഐ അവകാശപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: