ശ്രദ്ധിക്കാനുള്ള കഴിവ് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതാക്കുമെന്നു പഠനം

 

ഡിജിറ്റല്‍ ടെക്നോളജികളും, ഡിവൈസുകളും, പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണുകള്‍ ഇന്നു ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ വരെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുമ്പോള്‍ നിരവധി ദോഷങ്ങളുണ്ടെന്നു സ്ഥാപിക്കുകയാണു പുതിയ ഗവേഷണ റിപ്പോര്‍ട്ട്.

ക്ലാസില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്, വിദ്യാര്‍ഥികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും അതിലൂടെ അക്കാദമിക തലത്തിലുള്ള പ്രകടനത്തെയും ബാധിക്കുമെന്നു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിവൈസുകള്‍ നമ്മളുടെ ജീവിതത്തെ കൂടുതല്‍ കാര്യക്ഷമവും എളുപ്പവുമുള്ളതാക്കി മാറ്റുമെന്നു തെളിയിച്ചിട്ടുണ്ടെങ്കിലും, ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്നാണെന്നു സൗത്ത് ആഫ്രിക്കയിലെ സ്റ്റെല്ലന്‍ബോഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഡിജിറ്റല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. ഡാനിയേല്‍ ലെ റൂക്സിന്റെും ഡഗ്ളസ് പാരിയുടെയും പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

1980-നു ശേഷം ജനിച്ചവര്‍ വളര്‍ന്നു വന്നത് ഡിജിറ്റല്‍ മീഡിയയുടെ സ്വാധീന വലയത്തില്‍പ്പെട്ടാണ്. ഇത്തരക്കാര്‍ വളരെ പെട്ടെന്നു ഡിജിറ്റല്‍ ലോകവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യും. എപ്പോഴും സ്വയം നവീകരിക്കുന്നതിനും ഉന്മേഷം കൈവരിക്കുന്നതിനും ഇവര്‍ ഡിജിറ്റല്‍ മീഡിയയുമായി സംസര്‍ഗത്തിലേര്‍പ്പെടുകയും ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു

‘ഇന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അധ്യാപകര്‍ പഠിപ്പിക്കുന്നതിനു പോഡ്കാസ്റ്റുകളും, വീഡിയോകളും, ഫേസ്ബുക്ക് പേജുകളുമൊക്കെ ക്ലാസ് റൂമില്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ പുതിയ അധ്യാപന രീതിയില്‍ ഒട്ടും അത്ഭുതം തോന്നുകയും ചെയ്യേണ്ടതില്ല. ഡിജിറ്റല്‍ മീഡിയയില്‍ അധിഷ്ഠിതമായൊരു അധ്യാപന രീതി പിന്തുടരുന്നത് വിദ്യാര്‍ഥികള്‍ക്കും ഗുണകരം തന്നെയായിരിക്കും. പക്ഷേ, ഇത്തരം സാങ്കേതികതകള്‍ ഉപയോഗിക്കുന്നത് ഒരു നിയമമാക്കി മാറ്റരുതെന്നു മാത്രം’ ഗവേഷകര്‍ സൂചിപ്പിക്കുന്നു.

പഠനാവശ്യങ്ങള്‍ക്കിടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഠന പ്രക്രിയ പുരോഗമിക്കുമ്പോള്‍ തന്നെ, അതില്‍നിന്നും വ്യതിചലിച്ചു സുഹൃത്തുക്കളുമായും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായും ബന്ധപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. യു ട്യൂബിലോ വിദ്യാര്‍ഥികള്‍ക്കു താല്‍പര്യമുള്ള മറ്റു വിഷയങ്ങളിലോ ബ്രൗസ് ചെയ്യാനും ഇത്തരം സാഹചര്യമെത്തിക്കുമെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: