അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ വരുന്നതിന് കര്‍ക്കശമായ സ്‌ക്രീനിംഗ് നിയമങ്ങള്‍ നടപ്പിലാക്കുന്നു

 

അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് പകരം പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. ആഗോളവ്യാപകമായി അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് കഴിഞ്ഞ മാസങ്ങളായി ട്രംപ് നിരോധിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ട്രംപ് ഒപ്പ് വച്ചിരുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിനായിരുന്നു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ അനുസരിച്ച് അമേരിക്കയിലേക്ക് വരുന്നവരുടെ പശ്ചാത്തലം കൂടുതല്‍ ശ്രദ്ധയോടെയും സൂക്ഷ്മമായും വിശകലനം ചെയ്യുന്നതാണ്. കടുത്ത വെറ്റിംഗ് നയങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി നടപ്പിലാക്കുന്നതിനോട് യോജിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വരുത്തുന്നത്. താല്‍ക്കാലിക നിരോധനത്തിന്റെ സമയത്ത് ദി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്, ദി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് , മറ്റ് യുഎസ് ഏജന്‍സികള്‍ തുടങ്ങിയവ സ്‌ക്രീനിംഗ് പ്രക്രിയ വിശകലനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണിത് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

പുതിയ സ്‌ക്രീനിംഗ് പ്രക്രിയകളെ കുറിച്ച് അടുത്ത് തന്നെ പ്രഖ്യാപനം നടത്തുന്നതാണെന്നാണ് ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒഫീഷ്യല്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് ഇതിനെക്കുറിച്ച് വെളിപ്പെടുത്താന്‍ അധികാരമില്ലാത്തതിനാല്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ചതിന് പുറെ ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് വരുന്നതിനും ട്രംപ് ഒരിക്കല്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുമായിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ നയത്തെ വിവിധ കോടതികള്‍ തുടര്‍ച്ചയായി തടയുകയും ചെയ്തിരുന്നു. എന്നാല്‍ അഭയാര്‍ത്ഥികള്‍ വരുന്നതിനുള്ള നിരോധനം നിലനിര്‍ത്താന്‍ കോടതി അനുവദിച്ചിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: