ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യുഎസിനെ കടത്തിവെട്ടി ഏഷ്യ

 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ഏഷ്യയിലാണെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാരുടെ റാങ്കിംഗില്‍ ഇതാദ്യമായി ഏഷ്യന്‍ മേഖല അമേരിക്കയെ കടത്തിവെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ യുബിഎസ് എജിയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2016ല്‍ ശതകോടീശ്വരന്മാരുടെ ആസ്തി 17 ശതമാനം വര്‍ധിച്ച് ആറ് ട്രില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ മേഖലയില്‍ ഓരോ ദിവസവും ഒരു ശതകോടീശ്വരന്‍ വീതം ഉണ്ടാകുന്നുണ്ട്. ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കേന്ദ്രമെന്ന നിലയില്‍ യുഎസിനെ മറികടക്കാന്‍ ഏഷ്യന്‍ മേഖലയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, അതിസമ്പന്നരുടെ ആസ്തിയില്‍ 2.8 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നത് യുഎസ് ശതകോടീശ്വരന്മാരാണ്.

ലോകത്തിലെ 1,550 ശതകോടീശ്വരന്മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഏഷ്യന്‍ സമ്പന്നരുടെ കൂടുതല്‍ പങ്കാളിത്തം ചൈനയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ചൈനയിലെ ഭൗമരാഷ്ട്രീയ ഘടകങ്ങളിലുള്ള സ്ഥിരതയും റിയല്‍ എസ്റ്റേറ്റ് വിലയും അടിസ്ഥാനസകൗകര്യ മേഖലയിലുള്ള ചെലവിടലും ഇടത്തരം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയും ഏഷ്യയുടെ സമ്പന്നതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നിന്നുള്ള കോടീശ്വരന്മാര്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ പുതിയ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യയിലും ചൈനയിലും നിന്നാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ 117 പേരാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതേസമയം യുഎസില്‍ നിന്നും 25 പേര്‍ മാത്രമാണ് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളവരുടെ കൂട്ടത്തിലേക്ക് പുതുതായെത്തിയത്.

ലോകത്തിലെ 500 കോടീശ്വരന്മാര്‍ ഈ വര്‍ഷം ഇതുവരെ തങ്ങളുടെ ആസ്തിയില്‍ മൊത്തം 824 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചികയില്‍ പറയുന്നത്. ഇവരുടെ ആസ്തിയില്‍ 19 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളതെന്നും സൂചിക വ്യക്തമാക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: