അടുത്ത റിപ്പബ്‌ളിക് ദിനത്തില്‍ ഇന്ത്യ ആസിയാന്‍ രാജ്യങ്ങളുടെ സംഗമവേദിയാവും

 

2018ല്‍ ഇന്ത്യ അറുപത്തിമൂന്നാം റിപ്പബ്‌ളിക്ദിനം ആഘോഷിക്കുന്‌പോള്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ അംഗങ്ങളായ മലേഷ്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണൈ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് മുഖ്യാതിഥികളാവുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും രാജ്യത്തലവന്മാര്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. ഇതിന് മുന്പ് 1968ലും 1974ലുമാണ് ഇന്ത്യയിലെ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാഷ്ട്രത്തലവന്മാര്‍ അതിഥികളായിട്ടുള്ളത്. 1986ല്‍ യുഗോസ്‌ളോവ്യയുടെ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോയും സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് അലെക്‌സെയ് കോസിജിനും 1974ല്‍ ടിറ്റോയും ശ്രീലങ്കയുടെ പ്രധാനമന്ത്രി സിരിമാ ബണ്ഡാരനായകെയുമായിരുന്നു മുഖ്യാതിഥികള്‍.

കിഴക്കന്‍ രാജ്യങ്ങളിലേക്ക് നോക്കുക എന്നനയം മാറ്റി കിഴക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന നയത്തിലേക്ക് ഇന്ത്യ മാറിയ ശേഷമുള്ള സര്‍ക്കാരിന്റെ സുപ്രധാന നീക്കമാണിത്. ആസിയാന്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് ഏഷ്യ-പസഫിക് മേഖലയിലും നിര്‍ണായക സ്വാധീനമുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന ഇന്ത്യയുടെ നയത്തിന്റെ നെടുംതൂണും ആസിയാനാണ്.

വിയ്റ്റ്‌നാം പ്രധാനമന്ത്രി നഗയുയെന്‍ താന്‍ ഡുംഗ്,? സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂംഗ് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖും പങ്കെടുത്തേക്കും. പങ്കെടുക്കുന്ന മറ്റ് രാഷ്ട്രത്തലവന്മാരുടെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. റിപ്പബ്‌ളിക് ദിനാഘോഷം കൂടാതെ ഇന്ത്യയും ആസിയാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 25ആം വാര്‍ഷികവും ഉച്ചകോടി വഴിയുള്ള ബന്ധത്തിന്റെ 15ആം വാര്‍ഷികവും തന്ത്രപ്രധാന ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികവുമെല്ലാം 2018ലാണ് വരുന്നത്. ഇതും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: