കെന്നഡിയുടെ മരണം; കൊലയാളി റഷ്യന്‍ എംബസി ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി വെളിപ്പെടുത്തല്‍

 

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ചുരുളുകള്‍ അഴിയുന്നു. കെന്നഡിക്കു നേരെ വെടിയുതിര്‍ത്ത ലീ ഹാര്‍വി ഓസ്വാള്‍ഡ് മെക്സിക്കോയിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നെന്ന സംശയമാണ് പുറത്തുവിട്ട രേഖകളിലുള്ളത്. കെന്നഡി വധത്തില്‍ സംശയ നിഴലിലായിരുന്ന റഷ്യ, യുഎസ് മിസൈല്‍ ആക്രമണം നടത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും രേഖകളിലുണ്ട്.

കെന്നഡി കൊല്ലപ്പെടുന്നതിന് 25 മിനിറ്റ് മുന്‍പ്, ബ്രിട്ടനിലെ കേംബ്രിജ് ന്യൂസ് പത്രത്തിന്റെ ഓഫിസിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയെന്ന കാര്യവും വെളിപ്പെട്ടു. അമേരിക്കന്‍ എംബസിയിലേക്കു വിളിക്കൂ, നിങ്ങള്‍ക്കായി വലിയൊരു വാര്‍ത്ത കാത്തിരിപ്പുണ്ട്’ എന്നായിരുന്നു ഫോണ്‍ സന്ദേശം. കെന്നഡി വധവും അന്വേഷണവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്നതില്‍ 2891 സുപ്രധാന രേഖകളാണു കഴിഞ്ഞദിവസം പുറത്തിറക്കിയത്.

അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബര്‍ 26നു പുറത്തുവിടുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപ് ഭരണകൂടം അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകള്‍ പുറത്തിറക്കുമെന്നാണു കരുതിയിരുന്നത്. പക്ഷെ രാജ്യസുരക്ഷയെ ബാധിക്കുമെന്ന സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സിഐഎ)യുടെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും (എഫ്ബിഐ) ഉപദേശത്തെത്തുടര്‍ന്ന് ചില രേഖകള്‍ ഒഴിവാക്കുകയായിരുന്നു.

നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് അമേരിക്ക ഇപ്പോള്‍ പുറത്തിറക്കിയത്. പുറത്തിറക്കാത്ത രേഖകളെ കുറിച്ച് വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് 180 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ജോണ്‍.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ല്‍ യുഎസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. 2017 ഒക്ടോബര്‍ 26 ആയിരുന്നു ഇതിന് അനുവദിച്ച അവസാന തീയതി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: