തൃശൂര്‍ പൂരത്തേയും ഐഎസ് ലക്ഷ്യം വയ്ക്കുന്നതായി പുതിയ വെളിപ്പെടുത്തല്‍

 

ഇന്ത്യയിലുടനീളമായി വരാനിരിക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയിലെ ലാസ് വേഗാസിന് സമാനമായി കുംഭമേള, തൃശൂര്‍ പൂരം ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആക്രമണം നടത്തുമെന്നാണ് ഐഎസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പത്ത് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ശബ്ദ രേഖയിലൂടെയാണ് ഐഎസിന്റെ മുന്നറിയിപ്പ് പ്രചരിക്കുന്നത്. പുരുഷ ശബ്ദത്തിലുള്ള ശബ്ദരേഖയില്‍ ഇടയ്ക്കിടെ ഖുറാന്‍ സൂക്തങ്ങളും കേള്‍ക്കാം. ഐഎസിന്റെ പ്രാദേശിക ഭീകര സംഘടനയായ ദാറുള്‍ ഇസ്ലാമിന്റെ 50-ാമത്തെ ശബ്ദരേഖയാണിതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

‘നിങ്ങള്‍ നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് അക്രമം നടത്തുക. വിഷം കലര്‍ത്തിയോ ട്രക്ക് ഉപയോഗിച്ചോ അക്രമണം നടത്താം. തൃശൂര്‍ പൂരം, മഹാ കുംഭമേള തടങ്ങി ജനങ്ങള്‍ തിങ്ങി കൂടുന്ന ആഘോഷങ്ങള്‍ക്കിടയിലേയ്ക്ക് വണ്ടി ഓടിച്ച് കയറ്റിയും അക്രമണം നടത്താം എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ലാസ് വേഗാസില്‍ സംഗീത പരിപാടി ആസ്വദിക്കുകയായിരുന്ന അനേകം ജനങ്ങളെ തങ്ങളുടെ ഒരു അനുയായിയാണ് കൊലപ്പെടുത്തിയത്. തീവണ്ടി അപകടമെങ്കിലും നിങ്ങള്‍ സൃഷ്ടിക്കൂ അല്ലെങ്കില്‍ കേവലം ഒരു കത്തി ഉപയോഗിച്ചെങ്കിലും അക്രമം നടത്തൂ’ എന്ന് ശബ്ദരേഖയില്‍ ആഹ്വാനം ചെയ്യുന്നു.

സിറിയയിലെത്താന്‍ പറ്റുന്നില്ലെങ്കില്‍ ഐഎസിനെ സാമ്പത്തികമായി സഹായിക്കണമെന്നും ശബ്ദരേഖയില്‍ അഭ്യര്‍ഥിക്കുന്നു. അതിനും പറ്റുന്നില്ലെങ്കില്‍ അവിശ്വാസികള്‍ ഇല്ലാതാവുന്നതുവരെ പോരാടാനാണ് ഉത്തരവ്. എല്ലാത്തിന്റേയും അവസാനം അല്‍ഹംദുലില്ലാ, സുബ്ഹാനല്ലാ എന്നും പറയുന്നുണ്ട്. ദാറുല്‍ കുഫ്‌റില്‍ (അവിശ്വാസികള്‍) അല്ലാഹുവിനെ ആരാധിക്കാനുള്ള അവസരം നല്‍കാത്തതുകൊണ്ടാണത്രേ ഇതൊക്കെ ചെയ്യേണ്ടത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ശബ്ദരേഖയെന്നും റഷീദ് അബ്ദുള്ളയെന്ന വ്യക്തിയാണ് കാസര്‍കോടന്‍ ശൈലിയില്‍ ശബ്ദരേഖയില്‍ സംഭാഷണം നടത്തിയിരിക്കുന്നതെന്നും കേരള പോലീസ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷന്‍ 120B r/w 125 പ്രകാരവും യുഎപിഎ കുറ്റം ചുമത്തിയും എന്‍ഐഎ റഷീദിനെതിരെ കേസ് എടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളും ശബ്ദരേഖകലും അടിസ്ഥാനമാക്കി കേരള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 300 ശബ്ദരേഖകളും ശേഖരിച്ചിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: