ഭവന പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രൂക്ഷമായി തുടരുന്ന ഭവന പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ ഇമേജ് നഷ്ടപ്പെടുത്തിയതായി വാര്‍ത്തകള്‍. 2016-17 വര്‍ഷത്തില്‍ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരില്‍ കണ്ടതെന്ന് സിന്‍ ഫിന്‍ കുറ്റപ്പെടുത്തി. ഭവനരാഹിത്യം ഇല്ലാതാക്കാന്‍ ജനപ്രീയ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന ഫൈന്‍ ഗെയ്ലിന് കഴിഞ്ഞില്ലെന്നും സിന്‍ ഫിന്‍ നേതാക്കള്‍ പറയുന്നു.

യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭവന രഹിതര്‍ ഉള്ള അയര്‍ലണ്ടില്‍ യൂറോപ്പില്‍ വെച്ച് കുറഞ്ഞ ഭവന പ്രതിസന്ധി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി വരേദ്കറിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നു. വരേദ്കര്‍ രാജ്യത്തെ തളര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഔദോഗിക കണക്കുകള്‍പ്രകാരം രാജ്യത്ത് 8000 പേര്‍ ഭവന രഹിതരായി തുടരുന്നുണ്ട്.

ദീര്‍ഘകാലത്തേക്കുള്ള ശാശ്വതമായ ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഭവന മന്ത്രാലയവും മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാടക പ്രശ്‌നം പരിഹരിക്കാന്‍ റെന്റല്‍ പ്രഷര്‍ സോണുകള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ ഈ പദ്ധതി വേണ്ട വിധത്തില്‍ പ്രയോജനമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വാടക നിരക്ക് നഗരങ്ങളില്‍ കുതിച്ചുയരുകയാണ്. ഇതിനെതിരെ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോര്‍പറേറ്റുകളെ സഹായിക്കുകയും സാധാരണ ജനങ്ങളെ തെരുവിലിറക്കുകയും ചെയ്യുന്ന നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ മാറി ചിന്തിച്ചില്ലെങ്കില്‍ ജനപ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്ന് സിന്‍ ഫിന്‍ മുന്നറിയിപ്പ് നല്‍കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: