നടിയെ ആക്രമിച്ച കേസില്‍ മാധ്യമ ചര്‍ച്ചകള്‍ വിലക്കണമെന്ന് പൊലീസ്

 

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ച വിലക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സെഷന്‍സ് കോടതിയെയാണ് പോലീസ് സമീപിക്കുന്നത്.

കുറ്റപത്രത്തില്‍ സിനിമ മേഖലകളില്‍ നിന്നുള്ളവരുടേത് ഉള്‍പ്പടെ നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ക്രിമിനല്‍ പ്രൊസീഡ്യുര്‍ കോഡ് 327 (3) വകുപ്പു പ്രകാരമാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. കേസിന്റെ നടപടിക്രമങ്ങള്‍ രഹസ്യവിചാരണയിലൂടെയാവണമെന്നും പൊലീസ് പറയുന്നു.

പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുങ്ങുന്നതാണ് ചര്‍ച്ചകള്‍. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികള്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ചൊവ്വാഴ്ചയാണ് നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം സ്വീകരിക്കുന്നതിന് മുന്‍പുള്ള പരിശോധനകള്‍ കോടതി നടത്തുന്നതിനിടെയാണ് വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: