യുഎസ്-യുകെ ട്വിറ്റര്‍ യുദ്ധം; തെരേസ മേയ്യോട് സ്വന്തം കാര്യം നോക്കാന്‍ ഉപദേശിച്ച് ട്രംപ്

 

തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ തിരിച്ചടിച്ചു. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കൂ- ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ തന്നെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘തെരേസ മേ, എന്നെ ശ്രദ്ധിക്കരുത്, പകരം നിങ്ങളുടെ രാജ്യത്ത് ഉണ്ടാവുന്ന വിനാശകാരിയായ ഇസ്ലാം തീവ്രവാദത്തെ ശ്രദ്ധിക്കൂ, ഇവിടെയെല്ലാം സുഗമമാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ബ്രിട്ടനും യുഎസും അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഇത്തരം വിവാദങ്ങള്‍ അതിജീവിക്കാന്‍ കരുത്തുള്ള ബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും പിന്നീട് മേയ് വിശദീകരിച്ചു. അടുത്ത സുഹൃത്തുക്കള്‍ പിഴവുകള്‍ വരുത്തിയാല്‍ തിരുത്തേണ്ടത് തങ്ങളുടെ കടമയാണെന്നും വ്യക്തമാക്കി മേയ് പ്രശ്നം ലഘൂകരിക്കാനുള്ള നീക്കം നടത്തുകയും ചെയ്തു. എന്നാല്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ആദ്യം സ്വന്തം നാട്ടിലെ മതതീവ്രവാദികളെ കൈകാര്യം ചെയ്യൂ എന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ലോകത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്നു പേരുകേട്ട യുഎസ്-ബ്രിട്ടന്‍ സഖ്യത്തിലാണു ട്വിറ്റര്‍ പോര് വിള്ളലുണ്ടാക്കിയത്.

https://twitter.com/realDonaldTrump/status/936037588372283392?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.breakingnews.ie%2Fworld%2Fdonald-trump-tells-theresa-may-to-focus-on-radical-islam-and-not-his-tweets-816446.html

ബ്രിട്ടന്‍ ഫസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീഡിയോ ട്രംപ് റിട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബ്രിട്ടനിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചോളാമെന്നും, ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യരുതെന്നുമായിരുന്നു തെരേസ മേ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പരിപാടികള്‍ ശ്രദ്ധിച്ച് ഇരിക്കാതെ നാട്ടിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടപടിയെടുക്കുകയാണ് തെരേസ മേ ചെയ്യേണ്ടതെന്ന് ട്രംപ് തിരിച്ചടിച്ചു.

ബ്രിട്ടന്‍ ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പുറത്തുവിട്ട വീഡിയോ ആണ് ട്രംപ് പങ്കുവെച്ചത്. ഒരു മുസ്ലീം കുടിയേറ്റക്കാരന്‍ വടികുത്തി നില്‍ക്കുന്ന ഒരു ഡച്ച് ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് ആദ്യം ഷെയര്‍ ചെയ്തത്. ഇതിനാണ് തെരേസ മെ മറുപടി പറഞ്ഞത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കേണ്ടെന്ന ചര്‍ച്ച കൂടുതല്‍ ശക്തമായി. തെരേസ മേ ക്യാബിനറ്റില്‍ നിന്നും കമ്മ്യൂണിറ്റീസ് സെക്രട്ടറി ജാവിദാണ് ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ട്രംപിന്റെ പ്രധാന ട്വിറ്റര്‍ എതിരാളിയായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും തന്റെ അഭിപ്രായം രേഖപ്പെടുത്തി. ട്വീറ്റുകളുടെ പേരില്‍ ട്രംപിനെ രാജ്യത്തേക്ക് ക്ഷണിക്കേണ്ടെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പ്രധാനമന്ത്രി കാര്യാലയം ഇത് തള്ളി. അമേരിക്കന്‍ പ്രസിഡന്റിനുള്ള ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

 

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: