വീല്‍ ചെയര്‍ രോഗിക്ക് നേരെ വംശീയ അധിക്ഷേപം: നേഴ്‌സിന്റെ നേഴ്‌സിങ് റെജിസ്‌ട്രേഷന്‍ റദ്ദാക്കി

ഡബ്ലിന്‍: മറവി രോഗം ബാധിച്ച വീല്‍ ചെയര്‍ രോഗിയോട് അപമാനകരമായി പെരുമാറിയ നേഴ്‌സിന്റെ നേഴ്‌സിങ് റജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കില്‍ഡെയറിലെ മേനോത്ത് കമ്മ്യൂണിറ്റി കെയര്‍ഹോമില്‍ ജോലിചെയ്തു വന്ന നേഴ്‌സിന്റെ റെജിസ്‌ട്രേഷനാണ് റദ്ദാക്കപ്പെട്ടത്. 2015-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഫിലിപ്പൈന്‍സ് കാരിയായ മെര്‍ലിന്‍ റില്ലേറെക്ക് നേരെയാണ് ഐറിഷ് ഹൈക്കോടതിയുടെ വിധി വന്നത്. ഫിലിപ്പീന്‍സില്‍ നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിയ ഇവര്‍ കമ്മ്യുണിറ്റി കെയര്‍ഹോമില്‍ ജോലിചെയ്തു വരികെയാണ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. മറവിരോഗം ബാധിച്ച 87 വയസ്സുകാരനായ രോഗി ടോയിലെറ്റില്‍ പോകാന്‍ റില്ലെറയുടെ സഹായം തേടുകയായിരുന്നു. വീല്‍ചെയറില്‍ നിന്നും ടോയിലെറ്റിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന രോഗിയോട് ഇവര്‍ ക്ഷോഭിക്കുകയായിരുന്നു. ഡിമെന്‍ഷ്യ ബാധിച്ച ഈ രോഗി തന്നെ ടോയിലെറ്റിലേക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ച് റീല്ലേറക്കെതിരെ തിരിഞ്ഞു. ഈ സമയത്ത് ആണ് രോഗിയെ ‘dirty jew’ എന്ന് വിളിച്ച് റില്ലേറെ അപമാനിച്ചത്. തുടര്‍ന്ന് ഇവര്‍ സ്ഥലം വിടുകയും മറ്റൊരു നേഴ്സ് രോഗിയുടെ സഹായത്തിന് എത്തുകയും ചെയ്തു.

രോഗിയെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കോടതില്‍ പറഞ്ഞ നേഴ്സ് തന്നെ ഉപദ്രവിക്കാന്‍ രോഗി ശ്രമിച്ചപ്പോള്‍ dirty എന്ന വാക്ക് മാത്രമാണ് ഉപയോഗിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കി. കേസ് നിരീക്ഷിച്ച കോടതി നേഴ്സുമാര്‍ ഒരിക്കലും രോഗികളോട് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് നിരീക്ഷിച്ചു. നേഴ്‌സിങ് ജോലിയുടെ മൂല്യം നഷ്ടപ്പെടുത്തിയ മെര്‍ലിന് ജോലിയില്‍ തുടരാന്‍ യാതൊരു അവകാശവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ജോലിയില്‍ കൃത്യവിലോപം നടത്തിയതിനാല്‍ ഇവരുടെ ലൈസെന്‍സ് റദ്ദാക്കണമെന്ന് ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ്വൈഫറി ഓര്‍ഗനൈസേഷനോട് കോടതി ആവശ്യപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: