ആര്‍കെ നഗറില്‍ ടിടിവി ദിനകരന്റെ ഉദയം; വിജയം 40,000 ത്തിലേറെ വോട്ടുകള്‍ക്ക്

 

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍കെ നഗറില്‍ അണ്ണാഡിഎംകെ വിമതന്‍ ടിടിവി ദിനകരന്‍ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡോടുകൂടിയാണ് ദിനകരന്‍ മുന്നേറിയിരുന്നത്. ജയലളിതയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച 39,545 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്ന് കൊണ്ടാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്. പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ മത്സരിച്ചത്.

എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഇ മധുസൂദനന്‍ രണ്ടാം സ്ഥാനത്തെത്തി. പരാജയം ഭരണകക്ഷിയായ ഇപിഎസ്-ഒപിഎസ് പക്ഷത്തിന് വന്‍ തിരിച്ചടി ആയിരിക്കുകയാണ്. മൂന്നാം സ്ഥാനത്തെത്തിയ ഡിഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേശിന് കെട്ടിവെച്ച കാശ് നഷ്ടമായി.

ദിനകരന്‍ 89, 013 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ഇ മധുസൂദനന് 48, 306 വോട്ടുകളാണ് ലഭിച്ചത്. ഡിഎംകെയുടെ മരുതു ഗണേശിന് 24, 651 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പോരാട്ടത്തിനിറങ്ങിയ ബിജെപിക്ക് വന്‍തകര്‍ച്ചയാണ് ഉണ്ടായത്. നോട്ടയ്ക്കും പിന്നാലാണ് ബിജെപിയുടെ സ്ഥാനം. നോട്ട 2,203 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കാരു നാഗരാജന് 1,236 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ടിടിവി ദിനകരന്‍ പക്ഷത്തിന്റെ വിജയം ഉറപ്പായതോടെ തികച്ചും നാടകീയമായ സംഭവങ്ങള്‍ക്കാണ് തമിഴകം സാക്ഷിയായത്. ദിനകരന്റെ വിജയം ഉറപ്പായതാടെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷം ഉണ്ടാക്കുകയും ഇതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പത്ത് മിനിട്ടോളമാണ് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചത്.

ടിടിവി ദിനകരന്‍ ജയിക്കുമെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നിരുന്നത്. കൗവേരി ടിവി നടത്തിയ എക്സിറ്റ് പോളിലാണ് ദിനകരന്‍ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നത്.

എ എം

 

Share this news

Leave a Reply

%d bloggers like this: