2700 വര്‍ഷം പഴക്കമുള്ള ജെറൂസലേം ഗവര്‍ണറുടേതെന്ന് കരുതപ്പെടുന്ന സീല്‍ കണ്ടെത്തി

 

ബൈബിള്‍ സംഭവങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജെറൂസലേം ഗവര്‍ണറുടേതെന്നു കരുതപ്പെടുന്ന കളിമണ്ണു കൊണ്ടുണ്ടാക്കിയതും, ചിത്രങ്ങളും പുരാതന ഹീബ്രു ആലേഖനം ചെയ്തിട്ടുള്ളതുമായ സീല്‍ ഇസ്രയേല്‍ പുരവസ്തു ഗവേഷകര്‍ കണ്ടെത്തി. ജെറൂസലേമില്‍ പഴ നഗരത്തിലെ വെസ്റ്റേണ്‍ വാളിനടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നാണ് വൃത്താകൃതിയുള്ളതും, ബി.സി ഏഴാം നൂറ്റാണ്ട് കാലഘട്ടത്തിലുള്ളതെന്ന് കരുതപ്പെടുന്നതുമായ സീല്‍ ലഭിച്ചത്. ആദ്യ യഹൂദ ദേവാലയം നിര്‍മിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണെന്ന് ഇസ്രയേല്‍ പുരവസ്തു അതോറിറ്റി പറഞ്ഞു.

അങ്കി ധരിച്ച രണ്ട് പുരുഷന്മാര്‍ നേര്‍ക്കു നേര്‍ നില്‍ക്കുന്ന ചിത്രമാണ് സീലില്‍ ആലേഖനം ചെയ്തിട്ടുള്ളത്. അതിനു താഴെ പുരാതന ഹീബ്രൂവില്‍ ‘നഗരത്തിന്റെ ഗവര്‍ണര്‍ക്കു വേണ്ടി’ എന്ന് എഴുതിയിട്ടുണ്ട്. വളരെ അപൂര്‍വമായ ഒരു സീലാണിതെന്ന് പുരവസ്തു ഗവേഷകയായ സ്ലോമിത് വെക്സ്ലര്‍ ബോല പറഞ്ഞു.
ജെറൂസലേമിന് ഗവര്‍ണറുണ്ടായിരുന്നുവെന്ന് അവകാശപ്പെടാന്‍ ഇതുവരെ ബെബിളിലെ പരാമര്‍ശം മാത്രമേ പറയാനുണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ ലഭിച്ച സീല്‍ ഇക്കാര്യത്തില്‍ പുരാവസ്തുപരമായ സാക്ഷ്യമാണ് നല്‍കുന്നതെന്ന് ബോല ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ പേരോ, നഗരത്തിന്റെ പേരോ സീലില്‍ ഇല്ലെങ്കിലും വിശുദ്ധ നഗരത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്ന് താന്‍ കരുതുന്നതായി ബോല തുടര്‍ന്നു പറഞ്ഞു. സീലുമായി ബന്ധപ്പെട്ട് അടുത്തു തന്നെ ശാസ്ത്രീയ പരീക്ഷണം നടത്തുമെന്നും, നഗരത്തിലെ ഗവര്‍ണര്‍ക്കു വേണ്ടി ആര്‍ക്കെങ്കിലും കൊടുക്കാനുള്ള സാധനവുമായി ബന്ധപ്പെട്ടതാകാം ഈ സീല്‍ എന്നും അവര്‍ നിരീക്ഷിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: