വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കന്പനി മേധാവി അറസ്റ്റില്‍

 

വിമാനത്തില്‍ ബോംബു വച്ചിട്ടുണ്ടെന്നു കള്ളത്തരം പറഞ്ഞതിന് അമേരിക്കന്‍ കന്പനിയുടെ സിഇഒ ആയ ഇന്ത്യന്‍ വംശജനെ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍, താന്‍ പറഞ്ഞത് ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്കു മനസിലാകാതിരുന്നതാണ് ബോംബു ഭീഷണിയെന്നു തെറ്റിദ്ധരിക്കാന്‍ കാരണമെന്ന് അറസ്റ്റിലായ വിനോദ് മൂര്‍ജാനി കോടതിയില്‍ പറഞ്ഞു. ബോംബെ – ഡല്‍ഹി വിമാനം എന്നര്‍ഥത്തില്‍ ബോം-ഡെല്‍ വിമാനം എന്നാണത്രേ പറഞ്ഞത്. എന്നാല്‍ ബോംബ് ഹെ (ബോംബുണ്ട്) എന്നാണ് ഓപ്പറേറ്റര്‍ മനസിലാക്കിയത്.

ഞായറാഴ്ചയാണു സംഭവം. മുംബൈയില്‍നിന്നു ഡല്‍ഹിയിലെത്തി വിര്‍ജീനിയ വഴി റോമിലേക്കായിരുന്നു മൂര്‍ജാനിയുടെയും കുടുംബത്തിന്റെയും യാത്ര നിശ്ചയിച്ചിരുന്നത്. മുംബൈയില്‍നിന്നു ഡല്‍ഹിക്കുള്ള വിമാനം വൈകി. തുടര്‍ന്ന് അദ്ദേഹം മുംബൈ വിമാനത്താവളത്തിന്റെ ടോള്‍ഫ്രീ നന്പറില്‍ വിളിച്ചു.

ഹിന്ദിയില്‍ ‘ബോംബ് ഫത്താ ഹെ'(ബോംബ് പൊട്ടി) എന്നാണു മൂര്‍ജാനി പറഞ്ഞതെന്ന് വിമാനത്താവള അധികൃതര്‍ അവകാശപ്പെട്ടു. ഉടന്‍ തന്നെ ഫോണ്‍ കട്ടാക്കുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് ഉടനെത്തി മൂര്‍ജാനിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, ബോം-ഡെല്‍ വിമാനത്തിന്റെ സ്ഥിതി എന്താണെന്നാണ് താന്‍ ആരാഞ്ഞതെന്ന് മൂര്‍ജാനി തിങ്കളാഴ്ച അന്ധേരി കോടതിയില്‍ പറഞ്ഞു. ലൈനില്‍ എന്തോ തകരാറു തോന്നിയ കാരണം വേഗം കട്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡല്‍ഹിയിലെ വിമാന സര്‍വീസുകള്‍ താളം തെറ്റിക്കാനായി മൂര്‍ജാനി മനഃപൂര്‍വം ബോംബ് ഭീഷണി മുഴക്കിയതാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വൈകി എത്തിയാലും അവിടെനിന്ന് റോമിലേക്കുള്ള വിമാനം മുടങ്ങാതിരിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നും ചൂണ്ടിക്കാട്ടി. വ്യാജ ബോംബ് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണു മൂര്‍ജാനിക്കെതിരേ ചുമത്തിയിരിക്കുന്നത്.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: