ജീവനെ സ്‌നേഹിക്കാനുള്ള ആഹ്വാനവുമായി അമേരിക്കയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ജനുവരി 18-ന്

 

ഗര്‍ഭഛിദ്രത്തിനെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന പ്രോലൈഫ് റാലികളിലൊന്നായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’നായി അമേരിക്ക ഒരുങ്ങുന്നു. ജനുവരി 18-ന് ആണ് ലക്ഷകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടുന്ന റാലി നടക്കുക. മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’.

പ്രോലൈഫ് സമീപനം വെച്ചു പുലര്‍ത്തുന്ന ഭരണമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന ന്യായാധിപന്‍മാരെ കോടതികളില്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഭരണം ലഭിച്ച ഉടനെ അദ്ദേഹം, ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചു. അധികം വൈകാതെ തന്നെ ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായവും ഭരണകൂടം നിര്‍ത്തലാക്കിയിരിന്നു.

അമേരിക്കന്‍ സുപ്രീം കോടതി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയതിന്റെ വാര്‍ഷിക ദിനത്തിലോ അതിനടുത്ത ദിവസങ്ങളിലോ ആണ് സാധാരണയായി ഈ റാലി സംഘടിപ്പിക്കാറുള്ളത്. 1974 ജനുവരി 22-നായിരുന്നു ആദ്യ റാലി. വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് ഇതില്‍ സംബന്ധിക്കുന്നത്. ജീവന്റെ മഹത്വത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും അമേരിക്കയില്‍ നടന്നു വരുന്ന പ്രോലൈഫ് റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. 2018ലെ പ്രോലൈഫ് റാലിയുടെ വിഷയം ‘സ്നേഹം ജീവന്‍ രക്ഷിക്കുന്നു’ എന്നതാണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ കൂടുതല്‍ പരിഗണനയും സ്‌നേഹവും അര്‍ഹിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ഈ റാലി നടക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: