ഭൂമിയിലെ, ഏറ്റവും ശൈത്യമേറിയ ജനവാസ ഗ്രാമത്തിലൂടെ ഒരു യാത്ര

 

അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞുറഞ്ഞ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ പങ്കുവച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ് ഒയ്മ്യാകോണ്‍. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമാണ് ഈ ഗ്രാമം.

സൈബിരീയയിലെ ഉള്‍നാടുകളിലൊന്നാണ് ഒയ്മ്യാകോണ്‍. 500 പേരാണ് ഇവിടുത്തെ താമസക്കാര്‍. ശൈത്യകാലമായാല്‍ താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്. കഴിഞ്ഞയാഴ്ച്ച ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില ഇവിടെ രേഖപ്പെടുത്തി, മൈനസ് 74 ഡിഗ്രി സെല്‍ഷ്യസ്. 2013ലാണ് ഒയ്മ്യാകോണില്‍ റെക്കോര്‍ഡ് ശൈത്യം രേഖപ്പെടുത്തിയത്. അന്ന് മൈനസ് 98 ആയിരുന്നു താപനില.

ശൈത്യകാലമായാല്‍ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണ്‍ ഇരുട്ടിലായിരിക്കും. താപനില മൈനസ് 40ലെത്തുമ്പോള്‍ തന്നെ ഇവിടുത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്‌കൂളുകള്‍ക്ക് പുറമേ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് റണ്‍വേ എന്നിവയും ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തെ തണുപ്പ് വിഴുങ്ങുന്നതോടെ വീടിനുള്ളില്‍ പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവിതം.

തണുപ്പുകാലമായാല്‍ വാഹനങ്ങളുടെ എഞ്ചിന്‍ ഓഫായി അവ കേടാകുന്നതും പതിവാണ്. കാറുകള്‍ ബ്രേക്ഡൗണ്‍ ആവാതിരിക്കാന്‍ തണുപ്പുകാലത്ത് അവ നിരന്തരം പ്രവര്‍ത്തിപ്പിക്കുകയും അവയ്ക്കുള്ളില്‍ തന്നെ താമസമാക്കുകയും ചെയ്യുന്നവരുമുണ്ടത്രേ! താപനില താഴ്ന്നതിനെത്തുടര്‍ന്ന് സാധാരണ തെര്‍മോമീറ്ററുകള്‍ പൊട്ടിത്തകര്‍ന്ന അവസ്ഥയും ഇത്തവണയുണ്ടായി.

തണുപ്പുകാലമായാല്‍ മാംസാഹരത്തെയാണ് ഒയ്മ്യാകോണിലെ ജനങ്ങള്‍ ആശ്രയിക്കുക. എല്ലാക്കാലത്തും തണുത്തുറഞ്ഞ ആഹാരത്തോട് പ്രിയമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. വിവിധതരം മത്സ്യങ്ങള്‍, റെയിന്‍ഡീറിന്റെ മാംസം,കുതിരയുടെ കരള്‍ എന്നിവയൊക്കെയാണ് തണുപ്പുകാലത്ത് ഇവിടുത്തുകാരുടെ ഇഷ്ടവിഭവങ്ങള്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒയ്മ്യാകോണിലെ ജീവിതം പ്രിയപ്പെട്ടതാണ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഇവിടുത്തെ ജീവിതം ആസ്വദിക്കുന്നവരാണവര്‍. ഈ ഫ്രിഡ്ജ് ജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒയ്മ്യാകോണ്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടേയ്ക്കെത്താറുമുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: