സ്ത്രീയെ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല- ഡല്‍ഹി കോടതി

 

സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി. തുടര്‍ച്ചയായി സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ദില്ലിയില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

വടക്കന്‍ ദില്ലിയില്‍ 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി കൈയേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നി വിധിച്ചത്. ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

വടക്കന്‍ ദില്ലിയിലെ മുഖര്‍ജി നഗറില്‍ തിരക്കുള്ള മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി മോശമായി സ്പര്‍ശിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ അമ്മ പിടിച്ച് പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു. ഇത്തരം കേസുകളില്‍ പ്രതികള്‍ ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

തടവിന് പുറമെ 10000 രൂപ പിഴയും കോടതി പ്രതിയില്‍ നിന്ന് ഈടാക്കി. ഇതില്‍ 5000 രൂപ പെണ്‍കുട്ടിയ്ക്ക് നല്‍കണം. ദില്ലി ലീഗല്‍ സര്‍വീസ് അതോറിറ്റിയും പെണ്‍കുട്ടിയ്ക്ക് 50000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അവള്‍ക്ക് അതില്‍ നിഷേധിക്കാനാവാത്ത അവകാശമാണുള്ളതെന്നും കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി. അവളുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും കോടതി കൂട്ടിചേര്‍ത്തു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: