സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം: വീരമൃത്യു വരിച്ച ജവാന്‍മാരുടെ എണ്ണം അഞ്ചായി

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുജ്വാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ പരുക്കേറ്റിരുന്ന പ്രദേശവാസിയും ഇന്ന് മരണപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ മൊത്തം മരണസംഖ്യം ആറായി. പ്രത്യാക്രമണത്തില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. സൈനികനടപടി ഇപ്പോഴും പുരോഗമിക്കുകയാണ്.

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികര്‍ ഇന്ന് മരണപ്പെട്ടത്. ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പ്രദേശത്തെങ്ങും സുരക്ഷശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനികക്യാമ്പിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക് അതിക്രമിച്ച് കടന്ന ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ സൈനികര്‍ക്കും കുടംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സൈനികര്‍ തത്ക്ഷണം മരിച്ചു. പ്രദേശവാസി ഉള്‍പ്പെടെ ഏഴോളം പേര്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. സൈനികക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ ഇപ്പൊഴും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.

സൈനികനടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കുന്നത് ശരിയാകില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഭീകരര്‍ക്കെതിരായ നടപടി സൈന്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും അതിനാല്‍ വളരെ മുന്‍കരുതലോടെയുള്ള പ്രത്യാക്രമണമാണ് നടത്തുന്നതെന്നും ജമ്മു ഐജി എസ്ഡി സിംഗ് പറഞ്ഞു. നാല് ഭീകരരെ ഇതിനോടകം വധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താനും ഭീകരവിരുദ്ധ നടപടികള്‍ പരിശോധിക്കാനും കരസേനാ മേധാവി ബിപിന്‍ റാവത്ത് ജമ്മുകശ്മീരില്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: