പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാസയ്ക്ക് ആറുവയസുകാരിയുടെ കത്ത്

 

ഒന്‍പതു ഗ്രഹങ്ങളായിരുന്നു നമ്മുടെ സൗരയൂഥത്തില്‍ ഉണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) 2006-ലാണ് പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നു തരം താഴ്ത്തിയത്. നിലവില്‍ പ്ലൂട്ടോ കുള്ളന്‍ ഗ്രഹമാണ്. എന്നാല്‍ കോര്‍ക്കില്‍ നിന്നുള്ള ആറുവയസുകാരി കാര ലൂസി ഒ കോണര്‍ പറയുന്നത് ഇതു ശരിയല്ല എന്നാണ്. പറയുക മാത്രമല്ല, അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയോട് പ്ലൂട്ടോയ്ക്ക് ഗ്രഹപദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയുടെ സഹായത്തോടെ കത്തയയ്ക്കുകയും ചെയ്തു കുഞ്ഞു കാര. കോര്‍ക്കിലെ ഗ്ലഷീന്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാര ലൂസി ഓ’ കോണര്‍.

‘ഞാന്‍ ഒരു പാട്ട് കേട്ടു. ‘പ്ലൂട്ടോയെ തിരികെ കൊണ്ടുവരൂ’ എന്നാണ് അതിന്റെ അവസാനവരി. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ -കാര നാസയ്ക്ക് എഴുതി. പ്ലൂട്ടോയുടെ ഗ്രഹപദവി നീക്കി കുള്ളന്‍ ഗ്രഹമായി പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം കാര കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കുള്ളന്‍ ഗ്രഹങ്ങള്‍ കാണപ്പെടുന്നതും നെപ്റ്റിയൂണിന് അപ്പുറം സ്ഥിതി ചെയ്യുന്നതുമായ ഡോണറ്റ് ആകൃതിയിലുള്ള കുയ്പ്പര്‍ ബെല്‍റ്റിനെ കുറിച്ചും കാര കത്തില്‍ പറയുന്നുണ്ട്.

‘ബുധനേയും ശുക്രനേയും ഭൂമിയേയും ചൊവ്വയേയും വ്യാഴത്തേയും ശനിയേയും യുറാനസിനേയും നെപ്റ്റിയൂണിനേയും പോലെ പ്ലൂട്ടോയും പ്രധാന ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ‘ലെറ്റ്സ് മീറ്റ് ഗോ ദി പ്ലാനറ്റ്സ്’ എന്ന പരിപാടി കണ്ടിരുന്നു. അതില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ അവസാനം പ്ലൂട്ടോയും ഉണ്ടെന്നും കാര എഴുതി.

പ്ലൂട്ടോയെ ചവറ്റുകുട്ടയില്‍ ഇട്ടതാണെന്നും പ്ലൂട്ടോ ഭൂമിയെ പേടിച്ചിരിക്കുകയാണെന്നും കാര കത്തില്‍ എഴുതിയിട്ടുണ്ട്. എനിക്കു വേണ്ടി ഈ പ്രശ്നം നിങ്ങള്‍ പരിഹരിക്കണമെന്നും കത്തില്‍ കാര നാസയോട് ആവശ്യപ്പെട്ടു. കാരയുടെ കത്തിന് നാസ മറുപടി നല്‍കിയിട്ടുണ്ട്. നാസയുടെ പ്ലാനറ്ററി സയന്‍സ് ഡിവിഷന്റെ ഡയറക്ടര്‍ ജെയിംസ് ഗ്രീനാണ് മറുപടി കത്ത് എഴുതിയത്.

‘ഞാന്‍ നിന്നോട് യോജിക്കുന്നു. പ്ലൂട്ടോ മിടുക്കനാണ്. പ്ലൂട്ടോയ്ക്ക് ഹൃദയമുണ്ടെന്ന് ആരാണ് വിശ്വസിക്കുക? നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനോഹരമായ ലോകമാണ് ഇത്. പ്ലൂട്ടോ കുള്ളന്‍ ഗ്രഹമാണോ അല്ലയോ എന്നത് ഞാന്‍ നോക്കുന്നില്ല. നമ്മള്‍ പഠനം തുടരേണ്ടതായ സുന്ദരമായ സ്ഥലമാണ് പ്ലൂട്ടോ.എന്നും ഗ്രീന്‍ മറുപടിയില്‍ എഴുതി.

കുഞ്ഞു ക്ലാര പുതിയ ഗ്രഹം കണ്ടുപിടിക്കുമെന്നാണ് താന്‍ കരുതുന്നത്. സ്‌കൂളില്‍ മിടുക്കിയായാല്‍ നമുക്ക് നാസയില്‍ വെച്ച് കണ്ടുമുട്ടാമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഗ്രീന്‍ കാരയ്ക്ക് എഴുതി. പുതിയ ഗ്രഹം കണ്ടുപിടിക്കുകയും അതിന് ‘യൂണികോണ്‍’ എന്നു പേരിടുകയുമാണ് കാരയുടെ സ്വപ്നം. നാസയില്‍ ബഹിരാകാശ സഞ്ചാരിയാകമമെന്നാണ് കുഞ്ഞു കാരയുടെ ആഗ്രഹം. ഇതിനു ശേഷം പ്ലൂട്ടോ ഉള്‍പ്പെടെ എല്ലാ ഗ്രഹങ്ങളും സന്ദര്‍ശിക്കാനും കാരയ്ക്ക് പദ്ധതിയുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: