മൂന്ന് ദിവസമായി അടഞ്ഞ് കിടക്കുന്ന ജെറുസലേമിലെ തിരുകല്ലറ ദേവാലയം ഇന്ന് തുറന്നേക്കും

ജെറുസലേം: സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിലും ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും പ്രതിഷേധിച്ച് ക്രൈസ്തവ സഭാനേതൃത്വം കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിന്ന തിരുകല്ലറ ദേവാലയം ഇന്ന് തുറന്നേക്കും. ഇക്കാര്യം വിവിധ സഭകളുടെ കൂട്ടായ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്. ക്രൈസ്തവ സഭകള്‍ സംയുക്ത പ്രതിഷേധം നടത്തിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇസ്രായേലി ഗവണ്‍മെന്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ് യേശുവിനെ സംസ്‌ക്കരിച്ച തിരുകല്ലറ ദേവാലയം തുറക്കുവാന്‍ തീരുമാനമായത്.

പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ ഒരു പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും തങ്ങള്‍ക്ക് ഉറപ്പു ലഭിച്ചതായി സഭാ നേതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കമ്മിറ്റി രൂപീകരണത്തെകുറിച്ചുള്ള സര്‍ക്കാര്‍ തല വിജ്ഞാപനം ഇന്നലെ തന്നെ പുറത്തിറങ്ങിയിരുന്നു. സാമ്പത്തിക മന്ത്രാലയ പ്രതിനിധികള്‍, വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നികുതി പിരിക്കുന്നതിനായി ഇതുവരെ കൈകൊണ്ട നടപടികള്‍ റദ്ദാക്കിയാതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദേവാലയങ്ങള്‍ ഉള്‍പ്പെടാത്ത 887-ഓളം സഭാസ്വത്തുക്കളില്‍ നിന്നും 186 കോടി ഡോളര്‍ നികുതിയിനമായി പിരിച്ചെടുക്കുമെന്ന ജെറുസലേം മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം ഈ മാസത്തിന്റെ ആരംഭത്തിലാണ് പുറത്തുവന്നത്. 1993-ല്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതുമുതല്‍ ജെറുസലേമിലെ സഭാസ്വത്തുക്കളെ കുറിച്ച് ഇസ്രായേലി ഗവണ്‍മെന്റും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

1994-ലെ സമാധാന ഉടമ്പടിയനുസരിച്ച് ജെറുസലേമിലെ ക്രിസ്ത്യന്‍, മുസ്ലീം വിശുദ്ധ സ്ഥലങ്ങളുടെ സൂക്ഷിപ്പു ചുമതല ജോര്‍ദ്ദാനാണ്. 19-ാം നൂറ്റാണ്ടിലെ കരാറനുസരിച്ചുള്ള ‘തല്‍സ്ഥിതി’ സംരക്ഷിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനു വേണ്ടിയും അക്ഷീണം പരിശ്രമിക്കുന്നവര്‍ക്കുള്ള നന്ദിയും സഭാനേതാക്കള്‍ തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: