റെഡ് അലര്‍ട്ട് വരുംദിവസങ്ങളിലും നിലനിന്നേക്കുമെന്ന് ആശങ്ക: ഹിമാതാപം 25 സെന്റീമീറ്റര്‍ വരെ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍: ഹിമക്കാറ്റ് 110 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: കടുത്ത ശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ സ്‌നോ-ഐസ് വാര്‍ണിങ് നിലനില്‍ക്കുമ്പോള്‍ തന്നെ 5 കൗണ്ടികളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയും കൊടും തണുപ്പിന്റെ പിടിയിലമര്‍ന്നു. സ്റ്റോം എമ്മ 110 കിലോമീറ്റര്‍ വേഗതയില്‍ അയര്‍ലണ്ടിലേക്ക് ഒരു ദിവസത്തിനുള്ളില്‍ കടന്നുവരുമെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ കെട്ടിടങ്ങളെല്ലം മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന കാഴ്ചയാണിപ്പോള്‍ അയര്‍ലന്‍ഡ് മുഴുവന്‍ കാണാന്‍ കഴിയുന്നത്. ആശുപത്രി സേവനങ്ങളും ഭാഗികമായി നിലച്ച മട്ടാണ്. രാജ്യത്തെ എമര്‍ജന്‍സി സേവനങ്ങള്‍ ലഭ്യമാക്കാന്‍ എമര്‍ജന്‍സി കോഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാര്‍ രംഗത്തിറങ്ങായിരിക്കുകയാണ്. ഗാര്‍ഡയുടെയും, മറ്റു പ്രതിരോധ സേനകളുടെ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍ അറിയിച്ചു.

വ്യാഴാച്ചയോടെ അതിവേഗതയില്‍ ഹിമക്കാറ്റിന്റെ സാന്നിധ്യം അയര്‍ലണ്ടില്‍ 25 സെന്റീമീറ്റര്‍ ഐസ് വീഴ്ചക്ക് കാരണമാകുമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍. രാജ്യത്ത് റോഡ്, വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രധാന സര്‍വീസുകളെല്ലാം റദ്ദു ചെയ്തതായി വ്യോമ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ 10 സെന്റീമീറ്റര്‍ വരെ ഐസ് വീഴ്ച രേഖപ്പെടുത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ റെഡ് അലര്‍ട്ട് അവസാനിക്കുന്നത് വരെ ഓട്ടം നിര്‍ത്തിവെച്ചെന്ന് ബസ് ഏറാന്‍ അറിയിച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആര്‍ട്ടിക് പ്രദേശത്തുണ്ടായ താപനിലയില്‍ വ്യത്യാസമാണ് പോളാര്‍ വോര്‍ട്ടെക്സ് പ്രതിഭാസത്തിന് കാരണമെന്ന് മീറ്ററോളജിക്കല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 1982-ന് ശേഷമുണ്ടായ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് അയര്‍ലണ്ടുകാര്‍ പറയുന്നു. യൂറോപ്യന്‍ വന്‍കരയെ മുഴുവനായും കടുത്ത മഞ്ഞില്‍ പൊതിയുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അയര്‍ലണ്ടിനെ കൂടാതെ യു.കെ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മൈനസ് 45 ഡിഗ്രി വരെ ഊഷ്മാവ് താഴുന്നതില്‍ ആശങ്ക ഉയരുകയാണ്. വരും ദിവസങ്ങളിലും ഹിമാതാപം വര്‍ധിക്കുമെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: