റഷ്യന്‍ നയതന്ത്രജ്ഞരെ യൂറോപ്പും യുഎസും ഓസ്ട്രേലിയയും പുറത്താക്കി; ആശങ്കയോടെ ലോകം

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ലണ്ടനില്‍ രാസായുധ പ്രയോഗം നടന്ന സംഭവം ആഗോള ഭീഷണിയായി മാറുന്നു. സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നു ആരോപിച്ചു യൂറോപ്പും അമേരിക്കയും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. റഷ്യയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്ത നീക്കം നടത്തിയത്. യൂറോപ്പിന്റെയും അമേരിക്കയുടെയും തീരുമാനത്തിന് പിന്തുണയുമായി ഓസ്ട്രേലിയയും രംഗത്തുവന്നു.രണ്ടു റഷ്യന്‍ നയതന്ത്രജ്ഞരെ ഓസ്ട്രേലിയയും പുറത്താക്കി. ഇതിനോടകം 22 രാജ്യങ്ങളില്‍ നിന്നായി 140 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കഴിഞ്ഞു.

60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. കൂടാതെ റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും അമേരിക്ക നിര്‍ദ്ദേശംനല്‍കി. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംരക്ഷണം ദുരുപയോഗപ്പെടുത്തി അമേരിക്കയില്‍ ചാരപ്രവര്‍ത്തനമാണ് 60 റഷ്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിവന്നതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് പുറത്താക്കലിലൂടെ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴ് ദിവസത്തിനകം അമേരിക്ക വിടാന്‍ പുറത്താക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാരവൃത്തി സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് അമേരിക്കന്‍ നാവികസേനാ താവളത്തിന് തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും മോസ്‌കോയ്ക്കും എതിരെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ആദ്യത്തെ ശക്തമായ നടപടിയാണിത്.

14 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 30 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി തെരേസാ മേ സര്‍ക്കാരാണ് റഷ്യക്കെതിരെ നീക്കം തുടങ്ങിയത്. നേരത്തെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നെങ്കിലും 1985ന് ശേഷം ഇതാദ്യമായാണ് കൂട്ടത്തോടെ പുറത്താക്കുന്ന നടപടി ബ്രിട്ടന്‍ സ്വീകരിക്കുന്നത്. ഇതിനു മറുപടിയായി ചാരവൃത്തി ആരോപിച്ച് ബ്രിട്ടീഷ് നയന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു. റഷ്യക്കെതിരെ കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താണ് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ഇതിനു മറുപടിയായി റഷ്യയും നീക്കം തുടങ്ങി. ഈ ശാക്തിക ചേരിതിരിവ് ലോകത്തെ മറ്റൊരു ബലപരീക്ഷണത്തിനു വേദിയാക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

പുതിയ സംഭവവികാസങ്ങള്‍ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെയും ആശങ്കയിലാഴ്ത്തി. റഷ്യക്കെതിരെ നടപടിയെടുത്ത രാജ്യങ്ങളിലെ തലവന്മാരാരും റഷ്യയിലെത്തില്ല.ലോകകപ്പ് ബഹിഷ്‌കരിക്കണം എന്നുവരെ ആവശ്യം ഉയരുന്നുണ്ട്.

ലണ്ടനിലെ സാലിസ്ബറിയില്‍ മാര്‍ച്ച് നാലിനാണ് സ്‌ക്രൈപലിനും യൂലിയക്കും നേര്‍ക്ക് നാഡിവിഷാക്രമണം നടന്നത്. റഷ്യന്‍ നിര്‍മിതമായ നോവിചോക് വിഭാഗത്തില്‍പ്പെട്ട നാഡീവിഷമാണ് പ്രയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നെങ്കിലും ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: