സിറിയയില്‍ രാസായുധ പ്രയോഗം; 70 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയില്‍ വിമതരുടെ പിടിയിലുള്ള അവസാന നഗരമായ ഖൂത്തയിലെ ധൗമയില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തകരും ആരോഗ്യ രംഗത്തെ വിദഗ്ധരും അറിയിച്ചു.

പലേടത്തായി മരിച്ചുകിടക്കുന്ന നിരവധി പേരുടെ ചിത്രങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മരണ സംഖ്യ ഇപ്പോള്‍ കണക്കാക്കുന്നതിലും അധികമായേക്കുമെന്നും പറയപ്പെടുന്നു. അതേ സമയം ഇത് സംബന്ധിച്ച് സ്വതന്ത്രമായ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

സിറിയന്‍ സേനയാണ് രാസായുധത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. എന്നാല്‍ രാസായുധ പ്രയോഗം കെട്ടുകഥയാണെന്നാണ് ആരോപണം നിഷേധിച്ചുകൊണ്ട് സിറിയന്‍ ഗവണ്മെന്റ് പറയുന്നത്. ധൗമയില്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലെ കുടുംബങ്ങള്‍ അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സ്ഥിരീകരിച്ചു.

വളരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. മാരകമായ രാസായുധ പ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ സിറിയന്‍ സര്‍ക്കാരിനൊപ്പം പോരാടുന്ന റഷ്യ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യുഎസ് പറഞ്ഞു. റഷ്യയുിടെ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനും സൈന്യത്തിനും തന്നെയാണ് ആത്യന്തികമായി ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. സ്വന്തം ജനതയ്ക്കുനേരെ തന്നെ രാസായുധം പ്രയോഗിക്കുന്ന ഭരണശൈലി ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്നും യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

https://www.youtube.com/watch?v=g0tE6jjhoJg

 

 

എ എം

Share this news

Leave a Reply

%d bloggers like this: