അയര്‍ലണ്ടില്‍ പഠിച്ചിറങ്ങുന്ന നേഴ്സുമാര്‍ എവിടെ? എച്ച്.എസ്.ഇ-ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഐ.എന്‍.എം.ഓ

ഡബ്ലിന്‍: സ്മിയര്‍ ടെസ്റ്റ് വിവാദം പുകയുന്നതിനിടയില്‍ എച്ച്.എസ്.ഇ-ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐ.എന്‍.എം.ഓ. അയര്‍ലണ്ടില്‍ നേഴ്‌സിങ്, മിഡ്വൈഫറി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന 71 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചാണ് നേഴ്‌സിങ് സംഘടനാ രംഗത്ത് എത്തിയത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ എച്ച്.എസ്.ഇ തയ്യാറായാല്‍ നേഴ്‌സിങ് മേഖല അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിയും. കോര്‍ക്കില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് സംഘടനാ ഇക്കാര്യം വ്യക്തമാക്കിയത്. പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം നല്‍കുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ വഴി നേഴ്സുമാരെ നിയമിക്കുന്നത് എച്ച്.എസ്.ഇ-ക്ക് വന്‍ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നത്. എങ്കിലും ഇതേ രീതി തന്നെ പിന്തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണമെന്നും സംഘാടന ആവശ്യപ്പെട്ടു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് റിക്രൂട്‌മെന്റ് നടത്തുക, നേഴ്സുമാരുടെ ആനുകൂല്യങ്ങളും ശമ്പളങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കിയാല്‍ ആരോഗ്യ മേഖല ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇത്തരം നടപടികള്‍ ആരംഭിക്കുമെന്ന എച്ച്.എസ്.ഇ-യുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് നേഴ്സുമാര്‍ക്ക് മാത്രമല്ല, ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്കും സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: