ഐറിഷ് വനിത ലീഗയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഐറിഷ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 20 നാണ് പനത്തുറ കണ്ടല്‍ക്കാട്ടില്‍ ലീഗയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു കൊലപാതകം. ആവശ്യമെങ്കില്‍ ആന്തരികാവയങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും ഡിജിപി പറഞ്ഞു

കേസ് അന്വേഷിച്ച ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ഇവര്‍ എത്തി. ഓട്ടോറിക്ഷയിലാണ് ഇവര്‍ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു.

ഇവിടെവച്ചാണ് ഉമേഷും ഉദയനും വിദേശവനിതയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിദേശവനിതയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: