അമേരിക്കയുടെ പസഫിക്ക് സൈനിക കമാന്‍ഡ്’ ഇനി മുതല്‍ ‘യു എസ് ഇന്‍ഡോ-പസിഫിക് കമാന്‍ഡ്’

വാഷിംഗ്ടണ്‍: യു എസ് ന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ പസഫിക്ക് -കമാന്‍ഡ് ഇനി മുതല്‍ യു എസ് ഇന്‍ഡോ-പസിഫിക് കമാന്‍ഡ് എന്നറിയപ്പെടും. ഹവായിലെ കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആണ് പേരു മാറ്റം പ്രഖ്യാപിച്ചത്. അഡ്മിറല്‍ ഫിലിപ്പ് ഡേവിഡ്‌സണ്‍ ആണ് പുതിയ കമാന്‍ഡര്‍.

പട്ടാളക്കാരും സിവിലിയന്മാരുമായി ഏകദേശം 3,75,000 പേര്‍ കമാന്‍ഡിന്റെ ഭാഗമാണ്. ചൈനയ്ക്കപ്പുറത്തേക്ക് ഇന്ത്യന്‍ മഹാസമുദ്രം വരെ തങ്ങളുടെ സൈനിക കരങ്ങള്‍ നീളുമെന്ന മുന്നറിയിപ്പാണ് യുഎസ് പേരുമാറ്റത്തിലൂടെ നല്കുന്നത്. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് പേരുമാറ്റം അറിയിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇതിലൂടെ യുഎസ് അംഗീകരിക്കുന്നതായി കരുതുന്നു. അറ്റകുറ്റപ്പണിയടക്കമുള്ള ആവശ്യങ്ങള്‍ക്ക് സൈനികതാവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാര്‍ ഇന്ത്യക്കും യുഎസിനും ഇടയിലുണ്ട്. അഡ്മിറല്‍ ഹാരി ഹാരീസില്‍നിന്ന് കമാന്‍ഡിന്റെ ചുമതല അഡ്മിറല്‍ ഫിലിപ്പ് ഡേവിഡ്‌സണ്‍ ഏറ്റെടുത്തു. അഡ്മിറല്‍ ഹാരീസിനെ ദക്ഷിണകൊറിയയിലെ യുഎസ് സ്ഥാനപതിയായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണ് പേരു മാറ്റമെന്ന് വിലയിരുത്തുന്നു.പ്രതിരോധമേഖലയില്‍ ഇന്ത്യക്ക് നല്‍കുന്ന പരിഗണനയുടെ പ്രാധാന്യവും ഈ നടപടിയിലൂടെ യു എസ് പ്രഖ്യാപിക്കുന്നു.ദക്ഷിണ ചൈനാ കടലിലെ സൈനിക വിന്യാസവുമായി ബന്ധപ്പെട്ടു ചൈനയും യു എസും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ നീക്കം.

യു എസ്സിന്റെ പ്രതിരോധ പങ്കാളിയായി ബരാക്ക് ഒബാമ ഭരണകൂടം നേരത്തെ ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു. തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2016-ല്‍ ഇന്ത്യയും യു എസ്സും കരാര്‍ ഒപ്പ് വച്ചിരുന്നു. ഹോളിവുഡ് മുതല്‍ ബോളിവുഡ് വരെ ലോകത്തിന്റെ പകുതിയിലധികം പസഫിക്ക് കമാന്റിന്റെ നിരീക്ഷണത്തിലാണെന്നു മാറ്റിസ് പറഞ്ഞു. ഇന്ത്യ ഉള്‍പെടെ മുപ്പത്തിയാറ് രാജ്യങ്ങള്‍ കമാന്റിന്റെ കീഴില്‍ വരും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: