ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 75 കഴിഞ്ഞു; മരണനിരക്ക് കൂടിയേക്കും

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തതെറിയുണ്ടായത്. അതേസമയം ഞായറാഴ്ചയുണ്ടായ ആദ്യ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുന്നോറോളം പേരെ കാണാതിയിട്ടുമുണ്ട്.

മരിച്ചവരില്‍ പലരുടേയും മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയതോതില്‍ ചാരപ്പുക നിറഞ്ഞു. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ബുധനാഴ്ചയും അടഞ്ഞുതന്നെ കിടക്കുകയാണ്. മൂവായിരത്തിലധികം ആള്‍ക്കാരെയാണ് സമീപപ്രദേശങ്ങളില്‍ നിന്ന് സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ഗ്വാട്ടിമാല സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഫ്യൂഗോ അഗ്‌നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. ലാവാപ്രവാഹം തുടരുന്നതിനാല്‍ ഇനിയും സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മേഖലയില്‍ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഫ്യൂഗോ പര്‍വതത്തിന്റെ അടിവാരത്തും സമീപപ്രദേശങ്ങളുമായി താമസിക്കുന്ന നൂറു കണക്കിന് ആളുകളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മാരകമായി പൊള്ളലേറ്റ ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഇതുവരെ 20ല്‍ താഴെ ആളുകളെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.

ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 4.55 നായിരുന്നു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്ന് പുറത്തു വന്ന ലാവയും ചാരവും സമീപപ്രദേശങ്ങളെ ആകെ മൂടിയിരിക്കുകയാണ്. പര്‍വതത്തിന്റെ തെക്ക് വശത്തായി താമസിക്കുന്ന കര്‍ഷകരാണ് മരിച്ചവരില്‍ ഏറെയും. സ്ഫോടനമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും താമസമുണ്ടായതും ദുരന്തത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. ഇവിടുത്തെ വിമാനത്താവളവും ചാരം നിറഞ്ഞിരിക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

ഈ വര്‍ഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. ഗ്വാട്ടിമാല നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ ചാരം തെറിച്ചെത്തി. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്. ആദ്യമുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ 1.7 കിലോമീറ്റര്‍ ഉയരത്തില്‍ ചാരം ഉയര്‍ന്നിരുന്നു.

ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നൂറിലധികം പേരുള്ള സുരക്ഷാ സേന, റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ എന്നിവരെ മേഖലയില്‍ വിന്യസിപ്പിച്ചിരിക്കുന്നതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രക്ഷപെടാനായി ചിതറിയോടിയ ജനങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു. നാല് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വത സ്ഫോടനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

https://twitter.com/taephonista/status/1004128922177622017

ഡികെ

Share this news

Leave a Reply

%d bloggers like this: