ട്രംപ്- കിം കൂടിക്കാഴ്ചയില്‍ സുരക്ഷ ഒരുക്കാന്‍ ഗൂര്‍ഖാ സൈനികര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ലോകത്തിന്റെ കണ്ണുമുഴുവനും സിംഗപ്പൂരിലേക്കാണ്. അതിനിടയില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന ഗൂര്‍ഖാ കമാന്‍ഡോകള്‍. കൂടിക്കാഴ്ചക്കെത്തുന്ന ഇരുനേതാക്കള്‍ക്കുമൊപ്പം സ്വന്തം സുരക്ഷാ സംഘമുണ്ടാകും. കൂടാതെ സിംഗപ്പൂര്‍ പോലീസിന്റെ ഗൂര്‍ഖാ സംഘം അടങ്ങിയ എലൈറ്റ് വിഭാഗവും. ഇവരാണ് സമ്മേളനം നടക്കുന്ന പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷയും കൈകാര്യം ചെയ്യുന്നത്.

സിംഗപ്പൂരില്‍ വളരെ കുറച്ച് ഗൂര്‍ഖകളെയുള്ളു. അതിനാല്‍ തന്നെ അവരെ കണ്ടുകിട്ടാന്‍തന്നെ പ്രയാസമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരടക്കമുള്ള നിരവധി പ്രമുഖരായ ഭരണകര്‍ത്താക്കളാണ് സിംഗപ്പൂരിലെത്തിയത്. അതിനാല്‍ ഗുര്‍ഖകള്‍ ആയുധവുമേന്തി കാവല്‍ നില്‍ക്കുന്ന കാഴ്ച വളരെ സാധാരണമായിരുന്നു.

ബെല്‍ജിയം നിര്‍മിത എഫ്എന്‍ സ്‌കാര്‍ കോംബാറ്റ് അസൗള്‍ട്ട് റൈഫിള്‍, പിസ്റ്റള്‍ എന്നീ ആയുധങ്ങള്‍ക്ക് പുറമെ ഗൂര്‍ഖകളുടെ പരമ്പരാഗത ആയുധമായ ഖുക്രി എന്ന പ്രത്യേകതരം കത്തിയും ധരിച്ചാണ് ഇവര്‍ സജ്ജരായി നില്‍ക്കുന്നത്. ഖുക്രി ഒരിക്കല്‍ ഉറയില്‍ നിന്ന് പുറത്തെടുത്താല്‍ അതില്‍ എതിരാളിയുടെ രക്തം തൊടാതെ തിരികെ വയ്ക്കില്ല എന്നതാണ് ഗൂര്‍ഖകളുടെ രീതി. ഏറ്റവും മികച്ച പോരാളികളായാണ് ഗൂര്‍ഖകളെ കണക്കാക്കുന്നത്. നേപ്പാളാണ് ഇവരുടെ ജന്‍മദേശം.

കോളനി ഭരണകാലത്ത് ബ്രിട്ടീഷുദ്യോഗസ്ഥരാണ് ഇവരെ സിംഗപ്പൂരിലേക്ക് കൊണ്ടുവന്നത്. 200 വര്‍ഷം മുമ്പെത്തിയ അവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. നിലവില്‍ 1800 ഗുര്‍ഖകളാണ് സിംഗപ്പൂര്‍ പോലീസില്‍ സേവനമനുഷ്ടിക്കുന്നത്. നേപ്പാള്‍, ഇന്ത്യ, ബ്രിട്ടണ്‍, ബ്രൂണെ എന്നീ രാജ്യങ്ങളിലും ഗൂര്‍ഖകള്‍ സൈനിക സേവനമനുഷ്ടിക്കുന്നുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: