ദക്ഷിണകൊറിയയും അമേരിക്കയും വലിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ നിര്‍ത്തുന്നു

കൊറിയന്‍ മേഖലയില്‍ നടത്തിവരുന്ന വലിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ നിര്‍ത്താന്‍ ദക്ഷിണകൊറിയയും യുഎസും തീരുമാനിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ നടത്തിയ ചര്‍ച്ചയില്‍ ട്രംപ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു. അതേസമയം ആണവനിരായുധീകരണത്തില്‍ നിന്ന് ഉത്തരകൊറിയ പിന്മാറിയാല്‍ സൈനികാഭ്യാസം പുനരാരംഭിക്കുമെന്നും ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം വലിയ സൈനികാഭ്യാസങ്ങള്‍ മാത്രമാണ് നിര്‍ത്തുന്നത്. ചെറിയ തോതിലുള്ള പതിവ് അഭ്യാസങ്ങളും സംയുക്ത പരിശീലന പരിപാടികളും തുടരും. ദക്ഷിണ കൊറിയന്‍ അംബാസഡറായി ട്രംപ് നിയമിക്കാന്‍ ഉദ്ദേിക്കുന്ന റിട്ട.അഡ്മിറല്‍ ഹാരി ഹാരിസും ഇക്കാര്യം വ്യക്തമാക്കുന്നു.

28,500നടുത്ത് യുഎസ് സൈനികരാണ് ദക്ഷിണകൊറിയയിലുള്ളത്. 1950ലെ കൊറിയന്‍ യുദ്ധ കാലം മുതല്‍ ഇവിടെ യുഎസ് സൈനിക സാന്നിദ്ധ്യം തുടരുകയാണ്. 1953ല്‍ യുദ്ധം അവസാനിച്ചെങ്കിലും സമാധാന സന്ധിയില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കാതിരുന്നതിനാല്‍ സാങ്കേതികമായി യുദ്ധം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ 17,500 യുഎസ് സൈനികരും 50,000 ദക്ഷിണ കൊറിയന്‍ സൈനികരുമാണ് പങ്കെടുത്തത്. അതിര്‍ത്തിയിലെ മിലിട്ടറി ഡിമാര്‍ക്കേഷന്‍ ലൈനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലേയ്ക്കെങ്കിലും പീരങ്കികള്‍ മാറ്റി സ്ഥാപിക്കണമെന്ന് ദക്ഷിണ കൊറിയ, ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: