സ്വകാര്യ കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ പബ്ലിക് പ്രൊഫൈല്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫെയ്സ്ബുക്ക് അനുവാദം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍

തേഡ് പാര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കും ആപ്പുകള്‍ക്കും ഉപഭോക്തൃ ഡേറ്റ നല്‍കുന്നതിന് 2014ല്‍ കര്‍ശന നിയന്ത്രണങ്ങളും വ്യവസ്ഥകളും അവതരിപ്പിച്ചിരുന്നുവെന്നും അതുവഴി ഉപഭോകതൃ വിവരങ്ങള്‍ അനധികൃതമായി മറ്റുള്ളവരിലെത്തുന്നത് തടയാന്‍ സാധിച്ചിരുന്നുവെന്നുമാണ് കേംബ്രിജ് അനലിറ്റിക്ക വിവാദകാലത്ത് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഫെയ്സ്ബുക്ക് ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന്.

എന്നാല്‍ 2014 ല്‍ ഇങ്ങനെ ഒരു നിയന്ത്രണ നിബന്ധനകള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഈ നിബന്ധന പ്രകാരം ആഗോള തലത്തില്‍ ആര്‍ക്കും കൊടുക്കില്ലെന്ന് ഫെയ്സ്ബുക്ക് വ്യവസ്ഥ ചെയ്ത ഉപഭോക്തൃവിവരങ്ങളെല്ലാം തന്നെ ചില കമ്പനികള്‍ക്ക് മാത്രമായി തുടര്‍ന്നും ലഭ്യമാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫെയ്സ് ബുക്ക് ഇപ്പോള്‍. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

നൈക്ക്, സ്പോട്ടിഫൈ, യുപിഎസ്, ഡേറ്റിങ് ആപ്ലിക്കേഷനായ ഹിഞ്ച് ഉള്‍പ്പടെ 61 ഓളം കമ്പനികള്‍ക്കാണ് ഉപയോക്താക്കളുടെ പബ്ലിക് പ്രൊഫൈല്‍ വിവരങ്ങളും അവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ഉപയോഗിക്കാന്‍ ഫെയ്സ്ബുക്ക് അനുവാദം നല്‍കിയത്. നിയമം നിര്‍മിച്ചിട്ടും ഈ കമ്പനികള്‍ക്ക് എട്ട് മാസം വരെ ഉപഭോക്തൃ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫെയ്സ്ബുക്ക് അനുവാദം നല്‍കി.

2014 ല്‍ തന്നെ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് വ്യക്തിവിവരങ്ങള്‍ കൈമാറുന്നത് അവസാനിപ്പിച്ചിരുന്നുവെന്ന ഫെയ്സ്ബുക്കിന്റെ വാദത്തിന് എതിരാണ് കമ്പനിയുടെ പുതിയ വെളിപ്പെടുത്തല്‍. കേബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച വിവാദത്തോടനുബന്ധിച്ചുള്ള സമ്മര്‍ദ്ദങ്ങളാണ് ഫെയ്സ്ബുക്ക് ഇതെല്ലാ്ം തുറന്നു പറയാന്‍ നിര്‍ബന്ധിതരായത്.

നേരത്തെ ചൈനീസ് കമ്പനികളടക്കം 60 ഓളം കമ്പനികള്‍ക്ക് അമേരിക്കാരുടേതടക്കമുള്ള ഉപഭോക്തൃവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ചൈനീസ് കമ്പനികളുണ്ടായിരുന്നത് സംശയത്തോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണ ഏജന്‍സികള്‍ നോക്കിക്കണ്ടത്. ഇതില്‍ അവര്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സുകളെല്ലാം അവസാനിപ്പിച്ചതായി ഏപ്രിലില്‍ തങ്ങള്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഉപയോക്താക്കള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുമെന്നും അവരുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കഴിയുമെന്നും ഫെയ്സ്ബുക്ക് പറയുന്നു.

അതേസമയം സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ രൂപമാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഫെയ്സ്ബുക്കില്‍ ഉണ്ടായിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച ജിഡിപിആര്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിരവധി മാറ്റങ്ങളും ഫെയ്സ്ബുക്ക് ഇപ്പോള്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചു വരികയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: