നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ; നടത്തിപ്പ് ദേശീയ ഏജന്‍സിക്ക്

 

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ പരീക്ഷാ ഏജന്‍സി (എന്‍!ടിഎ) മുഖേന. കഴിഞ്ഞ വര്‍ഷമാണു പരീക്ഷാ നടത്തിപ്പിനായി അഖിലേന്ത്യാ ഏജന്‍സിക്കു രൂപം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണു പുതിയ ഏജന്‍സിക്കു കീഴില്‍ വരിക.

യുജിസി നെറ്റ് (2018 ഡിസംബര്‍), ജെഇഇ മെയിന്‍ (2019 ജനുവരി, ഏപ്രില്‍), നീറ്റ് (2019 ഫെബ്രുവരി, മേയ്), സിമാറ്റ്, ജിപാറ്റ് (2019 ജനുവരി) പരീക്ഷകളാണ് എന്‍ടിഎ ഏറ്റെടുക്കുക. ഇതുവരെ ഇവ നടത്തി വന്നത് സിബിഎസ്ഇയും എഐസിടിഇയുമാണ്. കംപ്യൂട്ടറിലാണു പരീക്ഷയെങ്കിലും അത് ഓണ്‍ലൈന്‍ ആവില്ലെന്നു വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കര്‍ വിശദീകരിച്ചു. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ജില്ലാ, ഉപജില്ലാ തലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. കംപ്യൂട്ടര്‍ പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കു പരിശീലനം ലഭ്യമാക്കാനും സംവിധാനമേര്‍പ്പെടുത്തും.

കംപ്യൂട്ടര്‍ കേന്ദ്രീകൃതമായി നടത്തുന്ന പരീക്ഷ അന്താരാഷ്ട്രനിലവാരത്തിലാകും നടത്തുകയെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ വിദ്യാര്‍ഥി സൗഹൃദമായിരിക്കും. സിലബസ്, ചോദ്യങ്ങളുടെ മാതൃക, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. കംപ്യൂട്ടര്‍ കേന്ദ്രീകൃത പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലോ, അംഗീകൃത കംപ്യൂട്ടര്‍ സെന്ററുകളിലോ പരീക്ഷകള്‍ക്കുവേണ്ട തയ്യാറെടുപ്പു നടത്താം. നിലവില്‍ ഏതൊക്കെ ഭാഷകളില്‍ പരീക്ഷകളുണ്ടോ ആ ഭാഷകളിലൊക്കെ തുടര്‍ന്നും പരീക്ഷകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് എന്‍.ടി.എ.യെ ഏല്‍പ്പിച്ചത്. പരീക്ഷാനടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോര്‍ച്ചയും തടയാനാകും. നീറ്റ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യും. ആദ്യപരീക്ഷയില്‍ മികവു പുലര്‍ത്താത്തവര്‍ക്കും ഏതെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാനാകാത്തവര്‍ക്കും രണ്ടുതവണ പരീക്ഷ നടത്തുന്നത് അനുഗ്രഹമാകും.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: