നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയ്ക്ക് ഇളവില്ല; പുനപ്പരിശോധനാ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: ദില്ലി കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്കെതിരെ മൂന്ന് പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി. പുന:പരിശോധനാ ഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ ഒന്നും പ്രതികള്‍ ഉന്നയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പുന:പരിശോധ ഹര്‍ജിയുടെ പേരില്‍ വീണ്ടും കേസ് വാദിക്കാന്‍ പ്രതികള്‍ക്ക് അവകാശം ഇല്ലെന്നും കോടതി വ്യക്തമാക്കി.

സമാനതകളില്ലാത്ത ക്രൂരത എന്നു വിശേഷിപ്പിച്ചാണ് ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് കുമാര്‍, പവന്‍ കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ സുപ്രിം കോടതി ശരിവച്ചത്. 2017 മെയ് അഞ്ചിലെ സുപ്രിം കോടതി വിധിക്കെതിരെ മുകേഷ് കുമാര്‍, പവന്‍ കുമാര്‍, വിനയ് ശര്‍മ്മ എന്നിവരാണ് പുനഃ പരിശോധന ഹര്‍ജി നല്‍കിയത്. കള്ളക്കേസ് ആണെന്ന വാദമാണ് പ്രധാനമായും പുന:പരിശോധന ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത്, എഫ്ഐആറില്‍ പ്രതികളുടെ പേരു പറഞ്ഞില്ല, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു തുടങ്ങിയ വാദങ്ങളും പ്രതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊക്കെ ഹൈക്കോടതിയും പിന്നീട് സുപ്രിം കോടതിയും പരിഗണിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പുന:പരിശോധന ഹര്‍ജി തള്ളി കൊണ്ട് വ്യക്തമാക്കി.

വിധിയില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ മാത്രമാണ് പുന:പരിശോധന ഹര്‍ജിയില്‍ പരിഗണിക്കേണ്ടത്. എന്നാല്‍ പുന:പരിശോധ ഹര്‍ജിയുടെ പേരില്‍ വീണ്ടും കേസ് വാദിക്കാന്‍ പ്രതികള്‍ക്ക് അവകാശം ഇല്ലെന്നും കോടതി വ്യക്തമാക്കി. പുന:പരിശോധ ഹര്‍ജി തള്ളിയതോടെ പ്രതികള്‍ക്ക് മുന്നില്‍ ഇനി ഉള്ള നിയമപരമായ പോംവഴി തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് മുമ്പാകെയുള്ള ദയാ ഹര്‍ജിയുമാണ്.

2012 ഡിസംബര്‍ 16 നാണ് ദില്ലിയില്‍ ഓടുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ബസില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: