സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; നാല് മരണം

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനവ്യാപകമായി ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേര്‍ മരിച്ചു. റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് രാവിലെ ഉന്നതതല യോഗം ചേരും. കനത്ത മഴയില്‍ പമ്പാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയില്‍ നാലുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

വിവിധ ജില്ലകളിലെ റോഡും റെയില്‍പാളങ്ങളും വെള്ളത്തിനടിയിലായി. ഇത് ഗതാഗതം ദുരിതമാക്കിയിരിക്കുകയാണ്. ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. ആലപ്പുഴയില്‍ എംസി റോഡിലൂടെയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ മാസം 19 വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലയിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്. കോഴിക്കോട് പുതിയങ്ങാടിയില്‍ മരം റോഡിലേക്ക് മറിഞ്ഞ് വീണ് ഓടികൊണ്ടിരുന്ന വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മരം മുറിച്ച് മാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട് കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒരാളെ കാണാതായി. ആലത്തൂര്‍ കാവുശേരി സ്വദേശി ആഷിഖിനെയാണ് കാണാതായത്. ആലപ്പുഴയില്‍ കിഴക്കന്‍ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണ് പമ്പയാര്‍ കര കവിഞ്ഞത്. കുട്ടനാടിന്റെ വിവിധ മേഖലകളിലായി വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ പല പ്രദേശങ്ങളും പൂര്‍ണമായി ഒറ്റപ്പെട്ടു.

അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: