അബോര്‍ഷന്‍ വിധിച്ച കുഞ്ഞ് അമ്മയുടെ ജീവന്‍ തിരിച്ചു കൊണ്ടുവന്നു; കരളലിയിക്കുന്ന സംഭവം നടന്നത് കോട്ടയത്ത്

ചലനമറ്റ് കിടന്ന അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കുഞ്ഞിന്റെ കഥ ഏറെ ശ്രദ്ധേയമാവുകയാണ്. കോട്ടയത്ത് അനൂപ്-ബെറ്റിന ദമ്പതികള്‍ക്കാണ് കുഞ്ഞ് പിറന്നതും അത് ബെറ്റിനയുടെ രോഗാവസ്ഥയെ ഏറെ ഭേദമാക്കിയതും. മൂന്നര വയസുള്ള ഒരു കുഞ്ഞിന്റെ അമ്മയായ ബെറ്റിന തലച്ചോറിന് ക്ഷതമേറ്റ് വെന്റിലേറ്ററിലാവുകയായിരുന്നു. ചലനമറ്റ് ബെറ്റിന ആറുമാസത്തോളം വെന്റിലേറ്ററിലും ഐസിയുവിലുമായി മരണത്തോട് മല്ലടിച്ചു. അഡ്മിറ്റാകുന്ന സമയത്ത് മൂന്നുമാസം ഗര്‍ഭിണിയായിരുന്നു ഈ യുവതി.

ശ്വാസോഛ്വാസം പോലും തീര്‍ത്തും കുറഞ്ഞ അവസ്ഥയില്‍ ജീവനുവേണ്ടി പൊരുതുന്ന യുവതിയുടെ കുഞ്ഞിനെ ഉപേക്ഷിക്കാനാണ് കോട്ടയം തെള്ളകത്തെ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആധുനിക ശാസ്ത്രത്തിനും മുകളില്‍ മതത്തിന്റെ വിഴുപ്പ് പേറുന്ന ആശുപത്രിക്ക് അബോര്‍ഷന്‍ നടത്തിക്കൊടുക്കാനാകുമായിരുന്നില്ല. അമ്മയുടെ ആരോഗ്യം അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും അബോര്‍ഷന്‍ നല്‍കപ്പെട്ടില്ല. തുടര്‍ന്ന് അബോര്‍ഷന്‍ കോട്ടയത്തെ മെഡിക്കല്‍ കോളെജില്‍ നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ മെഡിക്കല്‍ കോളെജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലെത്തി. ചലനമറ്റ യുവതിയുടെ ഗര്‍ഭം താനെ അലസിപ്പോയാല്‍ മാത്രം കുഞ്ഞിനെ ഉപേക്ഷിക്കാം എന്ന് അവര്‍ തീരുമാനമെടുത്തു. തുടര്‍ന്ന് തെള്ളകത്തെ ആശുപത്രിയിലേക്ക് ബെറ്റിനയെ മടക്കിക്കൊണ്ടുവന്നു.

എന്നാല്‍ തുടര്‍ പരിശോധനകളിലൊന്നും കുഞ്ഞിന് ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞു. മാസങ്ങള്‍ കഴിയുന്തോറും കുഞ്ഞ് ആരോഗ്യവാനായി കാണപ്പെട്ടു. അമ്മയുടെ അവസ്ഥയ്ക്ക് മാറ്റമില്ലതാനും. പിന്നീട് ഡോക്ടര്‍മാര്‍ കുഞ്ഞിനെ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി. അപകടകരമായ ശക്തിയേറിയ മരുന്നുകള്‍ ബെറ്റിനയ്ക്ക് നല്‍കേണ്ട എന്ന് തീരുമാനിക്കപ്പെട്ടു. പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ പുറത്തെടുക്കേണ്ട തിയതി തീരുമാനിക്കപ്പെട്ടു. അങ്ങനെ സിസേറിയനിലൂടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്ത് അമ്മയോട് ചേര്‍ത്തുകിടത്തി. പിന്നീടാണ് വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച അത്ഭുതം നടന്നത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട ബെറ്റിയുടെ കണ്‍പീലികള്‍ ചലിച്ചു. കൈകള്‍ വിറച്ചുതുടങ്ങി. പിന്നീട് ശരീരം ചലിപ്പിച്ച് കുഞ്ഞിന്റെ നെറ്റിയില്‍ ചുംബിക്കാന്‍ അവര്‍ക്ക് സാധിച്ചു. അത്തരത്തില്‍ ശരീരത്തിന്റെ താളം ബെറ്റിന വീണ്ടെടുത്തു. ഇന്നിപ്പോള്‍ വിറ്റാമിന്‍ ഗുളികകള്‍ മാത്രമെ ബെറ്റിനയ്ക്ക് കഴിക്കേണ്ടതായുള്ളൂ. ഫിസിയോ തെറാപ്പിയിലൂടെ കടന്നുപോകുന്നു. വാഴൂരിലെ വീട്ടില്‍ ഭര്‍ത്താവ് അനൂപിനും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം അവര്‍ സുഖമായിരിക്കുന്നു. കെഎസ്ഇബിയിലെ ജീവനക്കാരനാണ് അനൂപ്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: