യൂറോപ്പിനെ ആശങ്കയിലാക്കി ഉഷ്ണതരംഗം; ആഗോള കാലാവസ്ഥാ വ്യതിയാനം പ്രധാന കാരണമെന്ന് ഗവേഷകര്‍

കാട്ടുതീ ലോകത്തെവിടെയും ഒരു സാധാരണപ്രതിഭാസമാണ്. എന്നാല്‍, ഇക്കഴിഞ്ഞയാഴ്ചയില്‍ സ്വീഡനില്‍ കാട്ടുതീ ആളിപ്പടര്‍ന്നപ്പോള്‍ അത് ലോകമെങ്ങും വലിയൊരു ചര്‍ച്ചയായി മാറി. സ്വതവേ തണുപ്പും മഞ്ഞു നിറഞ്ഞ സ്വീഡനിലെ കാലാവസ്ഥയില്‍ ഏറെ നാളുകളായി അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ചയില്‍ മാത്രം അമ്പതിലധികം കാട്ടുതീകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാട്ടുതീ നിയന്ത്രിക്കാന്‍ കഴിയാതെ സ്വീഡന്‍ അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യര്‍ത്ഥന നടത്തി. നോര്‍വ്വേ, ഇറ്റലി എന്നീ രാജ്യങ്ങള്‍ അഗ്‌നിശമന സജ്ജീകരണങ്ങളുള്ള വിമാനങ്ങള്‍ സ്വീഡനിലേക്കയച്ചു.

ഇത് സ്വീഡനിലെ മാത്രം പ്രശ്‌നമല്ല എന്നതും, ഒട്ടും താല്‍ക്കാലികമായ പ്രശ്‌നമല്ല എന്നതുമാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഒരു ഉഷ്ണതരംഗം രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ അമേരിക്ക, ആര്‍ക്ടിക്, യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെല്ലാം ഈ തരംഗം സജീവമാണ്. വടക്കന്‍ അള്‍ജീരിയയുടെ തലസ്ഥാനമായ ഊര്‍ഗ്ലയില്‍ താപനില 51.3 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തപ്പെട്ടു. ആഫ്രിക്കയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ജപ്പാനില്‍ താപക്കെടുതിയില്‍ മുപ്പതോളം പേര്‍ മരിച്ചത്. നിരവധിയാളുകള്‍ ചികിത്സയിലാണ്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 40 ഡിഗ്രി വരെ ഉയര്‍ന്നും ഇവിടുത്തെ ചൂട്. ഈ താപനിലസ ജപ്പാനില്‍ അസാധാരണമാണ്. സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്‌കോയിലുള്ള സയന്‍സ് സെന്ററിന്റെ മേല്‍ക്കൂര ഉരുകിയൊലിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതും ഈയിടെയാണ്. ചൂടിന്റെ കാഠിന്യം യുകെയെയും പിടികൂടിക്കഴിഞ്ഞെന്നതിന്റെ സൂചനയായിരുന്നു പ്രസ്തുത വാര്‍ത്തകളില്‍ നിറയെ.

ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഈ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടാകാം എന്ന് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഡാന്‍ മിച്ചേല്‍ പറയുന്നു. മാറ്റങ്ങളുടെ ഉത്തരവാദിത്വം കാലാവസ്ഥാ വ്യതിയാനത്തില്‍ അമിതമായി ആരോപിക്കുന്നത് കാര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിന് തടസ്സമാകും. ഭൂമിക്കു മുകളില്‍ അഞ്ചോ ആറോ മൈലകലെ പടിഞ്ഞാറു നിന്നും കിഴക്കോട്ട് വീശിയടിക്കുന്ന ജെറ്റ് സ്ട്രീമില്‍ വരുന്ന ചില വ്യതിയാനങ്ങളും ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് ഒരുപക്ഷെ കാരണമായിട്ടുണ്ടാകാമെന്നാണ് മിച്ചേല്‍ ഊഹിക്കുന്നത്. നിലവില്‍ ഈ സ്ട്രീം വളരെ ദുര്‍ബലമാണ്. ഇതിന്റെ ഫലമായി ഉയര്‍ന്ന അന്തരീക്ഷമര്‍ദ്ദം വളരെ ഉയരുന്നു. അത് ഒരിടത്ത് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: