സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ; ഇടുക്കിയില്‍ ജലനിരപ്പ് 2,395.38 ആയി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴമൂലം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഡാമുകള്‍ എല്ലാം തുറന്നുവിട്ടു. ഇടുക്കിഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇടുക്കിയില്‍ മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 2395.30ലേക്ക് എത്തിയപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കാനുള്ള ട്രെയല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി. 2399 അടിയിലേക്ക് ജലനിരപ്പെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395.38 അടിയായി ഉയര്‍ന്നു. ഇവിടെ ഇപ്പോഴും ശക്തമായ മഴതുടരുകയാണ്. അതോടെ ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിക്കുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ വേണം എന്നാവശ്യം ഉയരുന്നുണ്ട്. ജലനിരപ്പ് 2399 അടി ആകുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ജലനിരപ്പ് 2,395 അടിയായതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2,397-98 അടിയാകുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തുറക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചതിനാല്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കാനും മരം മുറിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മഴ തുടരുന്നത് മരം മുറിക്കുന്നതിന് ചെറിയ രീതിയിലുള്ള തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

200 കുടുംബങ്ങളെയാണ് പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കണ്ടേത്. ഇതില്‍ 40 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിക്കണം എന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി നാല് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു. മാറ്റിപാര്‍പ്പിക്കുന്നവരില്‍ കിടപ്പ് രോഗികളുണ്ടെങ്കില്‍ അവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. കൂടാതെ ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ഷട്ടര്‍ തുറന്നാലുള്ള അടിയന്തിര സാഹചര്യം നേരിടാനും മുന്നറിയിപ്പു നല്‍കാനുമായി ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറന്നാല്‍ ഒഴുകി വരാനുള്ള സൗകര്യത്തിനായി അടഞ്ഞു കിടക്കുന്ന കനാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ആയിരം പൊലീസ് അടങ്ങുന്ന സംഘം സുരക്ഷയൊരുക്കാന്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

ഇടുക്കി ഡാം തുറക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഡാം തുറന്നാല്‍ പ്രഥാനമായും ബാധിക്കുന്ന എറണാകുളം വരെയുള്ള ജില്ലകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതകലുകള്‍ എടുത്തു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ജാഗ്രതയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഡാം തുറക്കേണ്ടി വരുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ടി വരുന്ന നടപടികള്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക, എവിടെയൊക്കെ ബാധിക്കും തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു. മുപ്പത് കിലോമീറ്ററോളം ദൂരം ഇടുക്കി ജില്ലയിലൂടെ മാത്രം വെള്ളം ഒഴുകും. ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്കും ബാധിക്കുന്ന പ്രദേശങ്ങളെക്കുറിച്ചും വിശദമായ രൂപരേഖതയ്യാറാക്കിയിട്ടുണ്ട്.

2395.8 അടിയാണ് ഇപ്പോള്‍ ഡാമിലെ വെള്ളം. 2397 അടി കഴിയുമ്പോഴാണ് തുടര്‍ന്നടപടികളെക്കുറിച്ച് ആലോചിക്കുക. രാത്രിയിലാണ് വെള്ളം കയറുന്നതെങ്കില്‍ രാത്രി ഡാം തുറക്കാന്‍ കഴിയില്ല. പകല്‍ മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ട്രയല്‍ റിലീസ് ചെയ്യുമ്പോള്‍ ഷട്ടര്‍ കുറഞ്ഞത് 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. ഇങ്ങനെ ഉയര്‍ത്തിയാല്‍ സെക്കന്റില്‍ 60 ഘനമീറ്റര്‍ തോതില്‍ വെള്ളമൊഴുകും. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വെള്ളം തുറന്ന് വിടാന്‍ കഴിഞ്ഞാല്‍ 2403 അടിയെന്ന ഏറ്റവും ഉയര്‍ന്ന ജലവിതാന നിരക്കിലേക്ക് വെള്ളം കയറാതെ നോക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ ഡാമുകള്‍കൂടി തുറക്കേണ്ടി വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഏറണാകുളം ജില്ലയെയായിരിക്കും. സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ മാത്രം ഉയരത്തിലുള്ള നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയാല്‍ വരെ നേരിടേണ്ട സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടികണ്ട് കൂടുതല്‍ വെള്ളം ഒന്നിച്ച് ഒഴുക്കി കൊണ്ട് വരാതെ നിയന്ത്രിച്ച് ഒഴുക്കി, ഘട്ടം ഘട്ടമായി കൈകാര്യം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

ഏത് സാഹചര്യത്തെയും നേരിടുന്നതിനുള്ള എല്ലാ സന്നാഹങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡിആര്‍എഫ്, ജില്ലാഭരണകൂടം, ഫയര്‍ഫോഴ്‌സ്, പോലീസ്, എറണാകുളത്ത് നേവി, മറ്റ് സൈനീക വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കും. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. എല്ലാവിവരങ്ങളും അതാത് സമയം ജനങ്ങളെ അറിയിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാം ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉന്നതതലയോഗത്തിലാണ് എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകള്‍ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ വളരെ നേരത്തെ തന്നെ എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook.com/dcekm ല്‍ പ്രസിദ്ധീകരിക്കും.

റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ ചെറുബോട്ടുകള്‍ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നുവച്ചിരിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: