പ്രതിസന്ധികളെ മറികടന്ന് ജനകീയ അംഗീകാരത്തില്‍ മുന്നേറി ഡൊണാള്‍ഡ് ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിക്കുശേഷം കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിട്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ജനകീയ അംഗീകാരത്തില്‍ വര്‍ദ്ധനവ്. തന്റെ അസാധാരണമായ രാഷ്ട്രീയ ശൈലിയിലൂടെ ഏറ്റവും ഒടുവിലുണ്ടായ പ്രതിസന്ധിയെയും ട്രമ്പ് മറികടക്കുമെന്നതിന്റെ സൂചനയാണിത്. വാള്‍സ്ട്രീറ്റ് ജേണല്‍, എന്‍ബിസി സര്‍വേയില്‍ ട്രമ്പിന്റെ അംഗീകാരം 45%മായി ഉയര്‍ന്നതായി കണ്ടെത്തി. ജൂണിലെ അപേക്ഷിച്ച് ഒരു ശതമാനം കൂടിയിട്ടുണ്ട്. നാലു ദിവസം നീണ്ടുനിന്ന സര്‍വേ പുടിനുമായി സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുന്നതിന് ഒരു ദിവസം മുമ്പ് ജൂലൈ 15നാണ് തുടങ്ങിയത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകളെ ട്രമ്പ് ചോദ്യംചെയ്തത് ആ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു.

റിപ്പബ്ലിക്കന്മാരില്‍ 88% പേര്‍ ട്രമ്പിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു. ഇതിനു മുമ്പ് വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് പേരില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്ന അംഗീകാരം നേടാന്‍ കഴിഞ്ഞത് ജോര്‍ജ് ബുഷിന് മാത്രമായിരുന്നു. 2001 സെപ്റ്റംബര്‍ 11 നുശേഷം ട്രമ്പിന്റെ അതേ നിലവാരത്തിലുള്ള പിന്തുണതന്നെയാണ് ബുഷിനും കിട്ടിയിരുന്നത്. തന്റെ രാഷ്ട്രീയ ചരമത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പലതവണ കേട്ട ട്രമ്പിന് ഇരു കക്ഷികളില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാന്‍ ധൈര്യം പകരുന്നതാണ് സര്‍വേ ഫലം.

വിദേശനയ രംഗത്ത് ഹെല്‍സിങ്കിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും നാറ്റോ സഖ്യത്തിലെ അംഗങ്ങള്‍ക്കെതിരെ പ്രസിഡന്റ് നടത്തിയ പരസ്യമായ വിമര്‍ശനങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം നല്‍കിയിരുന്നു. പരസ്പര സുരക്ഷയ്ക്ക് നാറ്റോ അംഗരാഷ്ട്രങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്ന ട്രമ്പിന്റെ അഭിപ്രായത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് അതില്‍ പങ്കെടുത്തവര്‍ ചെയ്തത്. അതുപോലെതന്നെ പുടിനുമായുള്ള കൂടിക്കാഴ്ചയെ നിഷേധാത്മകമായി ചിത്രീകരിക്കുന്നതിനു മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. മാദ്ധ്യമങ്ങള്‍ പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചിരുന്ന ഒരാഴ്ചക്കുശേഷമുള്ള അഭിപ്രായ വോട്ടെടുപ്പ് ഫലം ട്രമ്പിന്റെ അംഗീകാരം ‘സ്ഥിരത’യോടെ തുടരുന്നു എന്നാണ് കാണിക്കുന്നത്. യുഎസ് തെരെഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നു റഷ്യ നിഷേധിച്ചതുപോലെ തന്റെ പ്രചാരണസംഘം റഷ്യയുമായി സഹകരിച്ചിരുന്നു എന്നത് ട്രമ്പും നിഷേധിച്ചിരുന്നു.

രാജ്യത്തെ രാഷ്ട്രീയ ധ്രുവീകരണം ട്രമ്പിനെ കൂടുതല്‍ സഹായിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പത്തെ ഏതു കാലഘട്ടത്തെക്കാളും ഉയര്‍ന്ന നിലയിലാണ് യുഎസില്‍ ഇപ്പോഴുള്ള രാഷ്ട്രീയ ധ്രുവീകരണം. മുഖ്യധാരയില്‍നിന്നും ആകലാനുള്ള സമീപനമാണ് പ്രശ്നങ്ങളോട് ഡെമോക്രറ്റുകള്‍ സ്വീകരിക്കുന്നതെന്ന് റിപ്പബ്ലിക്കന്മാരില്‍ മൂന്നില്‍ രണ്ടു പേരും അഭിപ്രായപ്പെടുമ്പോള്‍ അതെ തോതില്‍ത്തന്നെ റിപ്പബ്ലിക്കന്മാരെക്കുറിച്ച് ഡെമോക്രറ്റുകളും പറയുന്നു. ഏറ്റവും ഒടുവിലായുള്ള നാല് പ്രസിഡന്റുമാരെ താരതമ്യം ചെയ്താല്‍ എതിര്‍ പാര്‍ട്ടിക്കാരുടെ അംഗീകാരം ഏറ്റവും കുറഞ്ഞ പ്രസിഡന്റാണ് ട്രമ്പ്. ബാരാക് ഒബാമയ്ക്ക് റിപ്പബ്ലിക്കന്മാരില്‍ 12%വും ബില്‍ ക്ലിന്റണ് 19%വും അംഗീകാരം അവര്‍ പ്രസിഡന്റുമാരായിരുന്ന കാലത്ത് നല്‍കിയപ്പോള്‍ ബുഷിന് ഡെമോക്രാറ്റുകള്‍ക്കിടയിലുള്ള അംഗീകാരം 44% ആയിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: