ഉത്തര കൊറിയ ആണവ പരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്

 

വാഷിങ്ടണ്‍: യു.എസുമായുള്ള ആണവ നിരായുധീകരണ ധാരണക്കുശേഷവും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. പുതിയ ദ്രവ ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ സാനുംഡോങ്ങിലെ കേന്ദ്രത്തില്‍ നിന്നു യു.എസിന്റെ ചാര ഉപഗ്രഹം പിടിച്ചെടുത്ത ദൃശ്യങ്ങളാണ് ആണവ പരിപാടികള്‍ തുടരുന്നതായ സൂചന നല്‍കുന്നത്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും റിപ്പോര്ട്ട് പറയുന്നു.

കഴിഞ്ഞ ജൂണില്‍ ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ കൂടിക്കാഴ്ചനടത്തിയശേഷം ഉത്തര കൊറിയ ഇനി ഒരു ആണവഭീഷണിയാവില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പറഞ്ഞിരുന്നു. എന്നാല്‍, പുതിയ വിവരങ്ങള്‍വെച്ച് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിംഗപ്പൂര്‍ ഉച്ചകോടി പ്രഹസനമാക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കൊറിയ ആണവപരീക്ഷണത്തിനുള്ള ഇന്ധനം ഉല്‍പാദിപ്പിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രസ്താവിച്ച് ആഴ്ചക്കുള്ളിലാണ് ഇതിനെ സാധൂകരിക്കുന്ന സൂചനകള്‍ പുറത്തുവന്നത്.

അതേസമയം, കണ്ടെയ്‌നര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണെന്നും മിസൈല്‍ നിര്‍മാണത്തിന്റെ ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്ട്ട് ചെയ്തു. ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈല്‍ ഖര ഇന്ധന മിസൈലിന്റെ അത്രതന്നെ ഭീഷണിയല്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: