രൂപ തളരുന്നു; വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നു, സമ്പദ്ഘടന ആശങ്കയില്‍; സര്‍ക്കാരിന് രൂപയെ രക്ഷിക്കാനാവുമോ??

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയവൈകല്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലെ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷതരമാക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച നാണ്യപ്പെരുപ്പവും വിലക്കയറ്റവും അനിയന്ത്രിതമാക്കും. സമാന്തരമായി ഓഹരിവിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപം പിന്‍വലിക്കല്‍ അനിയന്ത്രിതമായി തുടരുന്നത് സമ്പദ്ഘടനാ വൃത്തങ്ങളില്‍ ഉല്‍കണ്ഠ പടര്‍ത്തുന്നു.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന പ്രവചനമാണ് ആഗോള ധനകാര്യ സേവന ദാതാക്കളായ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്നലെ നടത്തിയിരിക്കുന്നത്. വികസ്വര വിപണികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായി തുടരാനാണ് സാധ്യതയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നുണ്ട്.

നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.3 എന്ന നിലവാരത്തിലേക്ക് താഴുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. ആഗോള അനിശ്ചിതത്വങ്ങളും രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും കാരണം കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 69.12 ലേക്ക് കൂപ്പുകുത്തിയിരുന്നു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറല്‍ റിസര്‍വിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ രൂപ ദുര്‍ബലമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് പ്രാദേശിക വിപണിയില്‍ നിക്ഷേപകര്‍ കൂടുതല്‍ കരുതലെടുക്കുന്നതും മൂല്യം ഇടിയുന്നതിന് കാരണമായി.

ഈ വര്‍ഷം ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ള കറന്‍സികളിലൊന്ന് രൂപയാണ്. ജനുവരി മുതല്‍ ഏകദേശം എട്ട് ശതമാനത്തോളം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. നിലവിലെ രീതിയില്‍ അടുത്തമാസം പകുതി വരെ യുഎസ് ഡോളര്‍ കരുത്തുകാട്ടി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാനും ഡോളറിനെതിരെ നഷ്ടം നേരിടുന്നുണ്ട്.

ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത ധനനയ പ്രഖ്യാപനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷിക്കുന്നു. ഇടക്കാലാടിസ്ഥാനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തുന്നത് പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കുകയും രൂപയുടെ മൂല്യത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം ജൂലൈ 2 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 2031 കോടിയോളം രൂപയാണെന്ന കണക്കുകളും പുറത്തുവന്നു. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യം കുറഞ്ഞത് തുടങ്ങിയ ആശങ്കകള്‍ മൂലമാണ് നിക്ഷേപകര്‍ പിന്‍വലിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ മൂലധന വിപണികളില്‍ നിന്നും 61,000 കോടിയോളം രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. അതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ 2661 കോടിയോളം രൂപയുടെ നിക്ഷേപം എഫ്പിഐകള്‍ നടത്തിയിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: