ആറുമണിക്കൂര്‍ നീണ്ട ലൈവ് പ്രോഗ്രാം; എന്‍ഡിടിവി കേരളത്തിനായി സമാഹരിച്ചത് 10 കോടി രൂപ

നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളില്‍ നിന്ന് നിരവധി പേര്‍ സഹായഹസ്തവുമായെത്തുന്നുണ്ട്. എന്‍ഡിടിവിയും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവര്‍ കേരളത്തിനായി പണം സമാഹരിച്ചത്.

ആറുമണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനല്‍ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ ടെലിത്തോണില്‍ പങ്കെടുത്തു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യോമ, നാവിക സേന ഉദ്യോഗസ്ഥര്‍ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, സോനാക്ഷി സിന്‍ഹ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. എന്‍ഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: