അയര്‍ലണ്ടില്‍ ജലക്ഷാമം വര്‍ധിക്കുന്നു; ഹോസ് പൈപ്പ് നിരോധനം 16 കൗണ്ടികളിലേക്ക്

ഡബ്ലിന്‍: വര്‍ധിച്ച ചൂടും വരണ്ട കാലാവസ്ഥയും കാരണം അയര്‍ലണ്ടില്‍ ജലക്ഷാമം വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലേക്ക് ഹോസ്പൈപ്പ് നിരോധനം വ്യാപിക്കുന്നുവെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. കടുത്ത ഉഷ്ണപ്രവാഹം രാജ്യത്തെ വലക്കുന്ന സാഹചര്യത്തില്‍ ജലം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ജനത്തിന് മുന്നറിയിപ്പേകുന്നുണ്ട്. ഡബ്ലിന്‍, ലോത്ത്, മീത്ത്, കില്‍ഡെയര്‍, കില്‍കെന്നി, ലാവോസ്, ഓഫലി, വെസ്റ്റ് മീത്ത്, കാര്‍ലോ, വിക്കലോ, വെക്‌സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി, ലിമെറിക്ക് മിറ ടിപ്പററി എന്നിവിടങ്ങളിലാണ് ഹോസ് പൈപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അയര്‍ലണ്ട് അടുത്തകാലത്തായി കടുത്ത ജലക്ഷാമം നേരിടുന്നുവെന്നാണ് ഐറിഷ് വാട്ടര്‍ വെളിപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ഇവിടെ മഴ കുറയുമെന്ന പ്രവചനം പുറത്ത് വന്നിരിക്കുന്നതിനാല്‍ കൂടുതല്‍ ജലക്ഷാമമുണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പേകുന്നു. ഹോസ് പൈപ്പ് ഉപയോഗം, കാര്‍ കഴുകല്‍, പെഡലിങ്, ബോട്ട് കഴുകല്‍ തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഒഴികെ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തും. ഐറിഷ് വാട്ടര്‍ ആക്ട് 2007 ലെ സെക്ഷന്‍ 56 ഉപയോഗിച്ച് നിയന്ത്രണ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കതിരെ കര്‍ശന നിയമ നടപടിയും, 125 യൂറൊ പിഴയും നല്‍കേണ്ടി വരും.

ജലം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൈവരിക്കാന്‍ ജനങ്ങള്‍ മറ്റ് ഉറവിടങ്ങളുടെ സാധ്യത തേടണമെന്നാണ് ഐറിഷ് വാട്ടര്‍ അതോറിറ്റി പറയുന്നത്. മഴയില്‍ നിന്നുള്ള വെള്ളം ബാത്ത് ടബുകളിലും ടാങ്കുകളിലും ശേഖരിക്കുന്നതിനുള്ള സാധ്യത തേടണം. ഈ ഒരു സാഹചര്യത്തില്‍ ഗാര്‍ഡന്‍ നനക്കാനും കാര്‍ കഴുകാനും ടാപ്പ് വാട്ടര്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിക്കുന്നു. ഇതിന് പുറമെ ഹോസ് പൈപ്പ് നിരോധനം വ്യാപിക്കുന്ന സാഹചര്യത്തില്‍ വാഷ് വാട്ടര്‍ പുനരുപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: