നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വരള്‍ച്ച; അയര്‍ലണ്ടിലെ കാര്‍ഷിക ഉത്പാദനം താഴേക്ക്; അവശ്യസാധന വില ഉയരുന്നു

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയില്‍ അടിപതറുകയാണ് യൂറോപ്പിലെ കാര്‍ഷികരംഗം. ഉല്‍പാദനരംഗത്തില്‍ വന്നിട്ടുള്ള കനത്ത ഇടിവിനൊപ്പം വ്യാപകമായ നാശനഷ്ടവും കര്‍ഷകരെ പിടിച്ചുലച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ട് പ്രകാരം കടുത്ത വരള്‍ച്ച നേരിട്ട രാജ്യങ്ങളില്‍ അയര്‍ലണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ണില്‍ ജലാംശം നഷ്ടപ്പെടുന്നത് കാര്‍ഷിക മേഖലയിലെ ഉത്പാദനത്തിന് തിരിച്ചടിയാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കന്നുകാലികളെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും കര്‍ഷകര്‍ വെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര യൂറോപ്പ് ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന വരള്‍ച്ച ശൈത്യകാലം ആകുമ്പോഴേക്കും കൂടുതല്‍ രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. പടര്‍ന്നുപിടിച്ച കാട്ടുതീ മൂലം സ്വീഡനില്‍ വിളവെടുപ്പില്‍ 30% കുറവാണ് നേരിട്ടത്. ജര്‍മനിയിലും കാര്‍ഷികോല്‍പ്പാദനരംഗത്ത് 40% കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെതര്‍ലന്‍ഡ്സിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യൂറോപ്പില്‍ വരള്‍ച്ച വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ കാര്‍ഷികരംഗം കൂടുതല്‍ ദുരിതത്തിലാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കനത്ത വേനലും ജലദൗര്‍ലഭ്യവും രൂക്ഷമായതോടെ അവശ്യസാധന വില കുതിച്ചുയരുകയാണ്. പച്ചക്കറിക്കും ഇറച്ചിക്കും പാലുല്‍പ്പന്നങ്ങള്‍ക്കും വില കുതിച്ചുയരും എന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂടില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. പച്ച ചീര, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉല്‍പ്പാദനം വലിയ ഇടിവ് രേഖപ്പെടുത്തി. ഈ പ്രതിസന്ധി പതിനെട്ടു മാസമെങ്കിലും തുടരുമെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: