രോഗികള്‍ വലയുന്നു, നഴ്‌സുമാര്‍ക്ക് ദുരിത സമയം, HSE മൗനം പാലിക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ആഗസ്റ്റ് മാസത്തില്‍ ഉണ്ടായിരിക്കുന്നത്. വിന്റര്‍ സീസണ്‍ അടുക്കുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഈ മാസം രാജ്യത്തെ വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലായി 7,911 രോഗികളാണ്.ബെഡിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 ശതമാനത്തിന്റെ വര്‍ധനവാണ് കാണുന്നത്. ഇതില്‍ മുപ്പതോളം കുഞ്ഞുങ്ങളും കിടക്കയ്ക്കായി ആശുപത്രികളില്‍ കാത്തിരിപ്പ് തുടരുന്നു. എണ്ണായിരത്തോളം രോഗികള്‍ കിടയ്ക്കായി കാത്തിരിക്കേണ്ട ഭീകരമായ അവസ്ഥയിലൂടെയാണ് ഈ മാസം കടന്നുപോയതെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നി ഷെയ്ഗ്ധ പ്രസ്താവിച്ചു.

കിടക്കകള്‍ ലഭിക്കാത്തതിനാല്‍ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ വലയുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ 969 രോഗികളും ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ 619 രോഗികളും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 604 രോഗികളും കിടയ്ക്കായി കാത്തിരിക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതോടൊപ്പം നേഴ്‌സ്മാരുടെയും മിഡ്വൈഫുമാരുടെയും അഭാവവും ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ലീമെറിക്കില്‍ എഴുപതോളം നേഴ്‌സ് അവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉയര്‍ന്ന തസ്തികയിലുള്ള ആരോഗ്യ വിദഗ്ധര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ തോതനുസരിച്ച് നേഴ്‌സ്, മിഡ്വൈഫ് ശമ്പളം ഉയരാതിരിക്കുന്നത് ഈ മേഖലയിലേക്ക് കടന്നുവരാന്‍ നിരവധിപേര്‍ക്ക് തടസമാകുന്നു. HSE ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ഈ വര്‍ഷം പ്രഖ്യാപിക്കപ്പെടുന്ന ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ തുടര്‍നടപടികള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് രാജ്യത്തെ ആശുപത്രികളും ആരോഗ്യവിദഗ്ദരും, നേഴ്‌സുമാരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: